ഇത് ഇന്ത്യൻ എക്സ്പ്രസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഉമ്രാൻ മാലിക്ക്, ഒപ്പമെത്തിയത് സാക്ഷാൽ മലിംഗയ്ക്കൊപ്പം
തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചത്. മത്സരത്തിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പം എത്തിയിരിക്കുകയാണ് ഈ യുവ ഇന്ത്യൻ പേസർ.

മത്സരത്തിൽ ഉമ്രാൻ മാലിക്കിൻ്റെ തകർപ്പൻ പ്രകടനത്തിലും വിജയം നേടുവാൻ സൺറൈസേഴ്സിന് സാധിച്ചിരുന്നില്ല. സൺറൈസേഴ്സ് ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു. 38 പന്തിൽ 68 റൺസ് നേടിയ വൃദ്ധിമാൻ സാഹ, 21 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ രാഹുൽ തെവാട്ടിയ, 11 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ റാഷിദ് ഖാൻ എന്നിവരുടെ മികവിലാണ് ആവേശ വിജയം ഗുജറാത്ത് ടൈറ്റൻസ് കുറിച്ചത്.
സൺറൈസേഴ്സ് പരാജയപെട്ടുവെങ്കിലും പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഉമ്രാൻ മാലിക്കായിരുന്നു.
ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, അഭിനവ് മനോഹർ എന്നിവരെയാണ് തകർപ്പൻ ബൗളിങിലൂടെ മാലിക്ക് പുറത്താക്കിയത്. ഇതിൽ ഹാർദിക് പാണ്ഡ്യയെ ഒഴിച്ച് ബാക്കി നാല് പേരും ഉമ്രാൻ മാലിക്കിന് മുൻപിൽ ബൗൾഡായാണ് പുറത്തായത്. ഇതോടെ ഒരു ഐ പി എൽ മത്സരത്തിൽ നാല് ബാറ്റ്സ്മാന്മാരെ ബൗൾഡാക്കുന്ന മൂന്നാമത്തെ ബൗളറെന്ന റെക്കോർഡ് താരം സ്വന്തമാക്കി.

2011 സീസണിൽ ഡൽഹിയ്ക്കെതിരെ ലസിത് മലിംഗയും 2012 സീസണിൽ ആർ സീ ബിയ്ക്കെതിരെ രാജസ്ഥാൻ റോയൽസ് ബൗളർ സിദ്ധാർത്ഥ് ത്രിവേദിയുമാണ് ഇതിനുമുൻപ് ഒരു മത്സരത്തിൽ നാല് ബാറ്റ്സ്മാന്മാരെ ബൗൾഡാക്കിയിട്ടുള്ളത്.

മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ സീസണിലെ വിക്കറ്റ് വേട്ടയിൽ സഹതാരം ടി നടരാജനൊപ്പം രണ്ടാം സ്ഥാനത്ത് ഉമ്രാൻ മാലിക്കെത്തി. 15 വിക്കറ്റുകൾ ഇരുവരും ഇതുവരെ നേടിയിട്ടുണ്ട്.
