Skip to content

വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് 11 റൺസിന്

ചെന്നൈ സൂപ്പർ കിങ്സിനെ 11 റൺസിന് തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. സീസണിലെ പഞ്ചാബ് കിങ്സിൻ്റെ നാലാം വിജയമാണിത്.

( Picture Source : BCCI )

39 പന്തിൽ 7 ഫോറും 6 സിക്സുമടക്കം 78 റൺസ് നേടിയ അമ്പാട്ടി റായുഡു മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ തിളങ്ങിയത്. എം എസ് ധോണി 8 പന്തിൽ 12 റൺസ് നേടി പുറത്തായി.

പഞ്ചാബ് കിങ്സിന് വേണ്ടി കഗിസോ റബാഡ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഋഷി ധവാൻ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അർഷ്ദീപ് സിങ്, സന്ദീപ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 59 പന്തിൽ 88 റൺസ് നേടിയ ശിഖാർ ധവാൻ, 32 പന്തിൽ 42 റൺസ് നേടിയ ഭാനുക രാജപക്സ, 7 പന്തിൽ 19 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : BCCI )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഡ്വെയ്ൻ ബ്രാവോ രണ്ട് വിക്കറ്റും മഹീഷ് തീക്ഷ്ണ ഒരു വിക്കറ്റും നേടി. ഏപ്രിൽ 29 ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം. മെയ് ഒന്നിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

( Picture Source : BCCI )