Skip to content

ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത നടപടി, ഒരു മത്സരത്തിൽ നിന്നും വിലക്ക്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ നാടകീയ രംഗങ്ങൾക്ക് പുറകെ ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത നടപടിയെടുത്ത് ബിസിസിഐ. ക്യാപ്റ്റൻ റിഷഭ് പന്തിന് 100 % മാച്ച് ഫീ പിഴയായി വിധിച്ചപ്പോൾ അനധികൃതമായി ഫീൽഡിൽ പ്രവേശിച്ച് തർക്കിച്ച പരിശീലകൻ പ്രവിൻ ആമ്രെയെ ഒരു മത്സരത്തിലേക്ക് വിലക്കുകയും ചെയ്തു.

( Picture Source : IPL/ BCCI )

ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടർ ഷാർദുൽ താക്കൂറിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. മാച്ച് ഫീയുടെ 50 ശതമാനം താക്കൂർ പിഴയായി നൽകണം.

മത്സരത്തിലെ അവസാന ഓവിലായിരുന്നു ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ ഒബഡ് മക്കോയ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തിലും ഡൽഹിയുടെ വെസ്റ്റിൻഡീസ് പവർ ഹിറ്റർ റോവ്മാൻ പോവൽ സിക്സ് നേടിയിരുന്നു. എന്നാൽ ഓവറിലെ മൂന്നാം പന്ത് അരയ്ക്ക് മുകളിലായിരുന്നുവെങ്കിലും അമ്പയർ നോ ബോൾ വിധിക്കുകയോ തീരുമാനം പുന പരിശോധിക്കുകയോ ചെയ്തില്ല. ഐ പി എൽ നിയമപ്രകാരം ബാറ്റ്സ്മാൻ ഔട്ടാണെങ്കിൽ മാത്രമേ തേർഡ് അമ്പയർ നോ ബോളാണോയെന്ന് വീണ്ടും പരിശോധിക്കുകയുള്ളൂ.

( Picture Source : IPL/ BCCI )

അമ്പയറുടെ തീരുമാനത്തിൽ പ്രോകോപിതനായ ക്യാപ്റ്റൻ റിഷഭ് പന്ത് ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുകയും ചെയ്തു. എന്നാൽ അമ്പയർമാരുടെയും മറ്റു രാജസ്ഥാൻ റോയൽസ് താരങ്ങളുടെയും തക്കസമയത്തെ ഇടപെടൽ രംഗങ്ങൾ ശാന്തമാക്കി. ബാറ്റ്സ്മാന്മാർ കയറിപോന്നെങ്കിൽ കൂടുതൽ കടുത്ത നടപടികൾ പന്ത് നേരിടേണ്ടിവന്നേനെ. അതിനിടെ പന്തിൻ്റെ നിർദ്ദേശപ്രകാരം പരിശീലകരിൽ ഒരാളായ പ്രവിൻ ആംറെ ഫീൽഡിൽ എത്തുകയും അമ്പയറോട് കയർക്കുകയും ചെയ്തു. ഒടുവിൽ രംഗങ്ങൾ ശാന്തമായി മത്സരം പുനരാരംഭിക്കുകയും നാലാം പന്ത് ഡോട്ടായതോടെ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ വിജയം ഉറപ്പിക്കുകയും ചെയ്തു.

( Picture Source : IPL/ BCCI )

മത്സരത്തിൽ 15 റൺസിൻ്റെ വിജയം നേടിയ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സീസണിലെ നാലാം പരാജയം ഏറ്റുവാങ്ങിയ ഡൽഹി ക്യാപിറ്റൽസ് ആറാം സ്ഥാനത്ത് തുടർന്നു. ഏപ്രിൽ 28 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL/ BCCI )