Skip to content

പോണ്ടിങ് ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, പന്തിനെ രൂക്ഷമായി വിമർശിച്ച് കെവിൻ പീറ്റേഴ്സൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ച റിഷഭ് പന്തിൻ്റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. മത്സരത്തിലെ അവസാന ഓവറിൽ അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതനായ പന്ത് ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുകയും പരിശീലകരിൽ ഒരാളായ പ്രവിൻ ആംറെയെ അമ്പയർക്കരികിലേക്ക് അയക്കുകയും ചെയ്തിരുന്നു.

( Picture Source : IPL / BCCI )

കുടുംബത്തിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ മത്സരത്തിൽ ടീമിനൊപ്പം ഹെഡ് കോച്ച് റിക്കി പോണ്ടിങ് ഉണ്ടായിരുന്നില്ല. പോണ്ടിങിൻ്റെ അഭാവത്തിൽ ഷെയ്ൻ വാട്സനാണ് പ്രകോപിതനായ പന്തിനെ അനുനയിപ്പിച്ചത്.

” റിഷഭ് പന്ത് ചിന്തിക്കുന്ന രീതി അമ്പയറുടെ മോശം തീരുമാനത്തേക്കാൾ എന്നെ ആശങ്കപെടുത്തുന്നു. റിക്കി പോണ്ടിങ് ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു. ജോസ് ബട്ട്ലർക്ക് പന്തിനരികെ എത്താനും അതെല്ലാം പറയാനുമുള്ള എല്ലാ അവകാശവും ഉണ്ടായിരുന്നു. നിങ്ങൾ എന്താണ് കാണിക്കുന്നത്, പരിശീലകരിൽ ഒരാളെ ഗ്രൗണ്ടിലേക്ക് അയച്ചുകൊണ്ട്. അത് ശരിയായ പെരുമാറ്റമാണെന്നാണോ കരുതുന്നത്. !! ” മത്സരശേഷം പീറ്റേഴ്സൺ പ്രതികരിച്ചു.

( Picture Source : IPL / BCCI )

” ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്, അവിടെ ആളുകൾക്ക് തെറ്റുസംഭവിച്ചേക്കാം. എത്ര തവണ ബാറ്റിൽ കൊള്ളാതിരുന്നിട്ടും ഔട്ട് നൽകിയിട്ടുണ്ട്, എത്ര തവണ ഔട്ടല്ലാതിരുന്നിട്ടും LBW വിധിച്ചിട്ടുണ്ട്. ഞാനും സ്വാനിയും ( ഗ്രെയിം സ്വാൻ) നീണ്ട കാലം കളിച്ചവരാണ്. ഇതുപോലുള്ള കാര്യങ്ങൾ അതൊരിക്കലും ക്രിക്കറ്റിന് നല്ലതല്ല. അതൊരു വലിയ തെറ്റായിരുന്നു എന്നാൽ ഏറ്റവും വലിയ തെറ്റ് പരിശീലകൻ മൈതാനത്തേക്ക് വന്നതാണ്, അദ്ദേഹമൊരു മുതിർന്ന ആളല്ലേ ? കളി നിർത്തിവെയ്ക്കാൻ പോലും പന്ത് ആഗ്രഹിച്ചു. അതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ക്രിക്കറ്റിൽ ഇനിയൊരിക്കലും ഈ സംഭവങ്ങൾ കാണില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. ” കെ പി കൂട്ടിചേർത്തു.

( Picture Source : IPL / BCCI )

സംഭവവികാസങ്ങൾക്ക് കടുത്ത നടപടിയാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ ഐ പി എൽ എടുത്തിരിക്കുന്നത്. ക്യാപ്റ്റൻ റിഷഭ് പന്തിന് മാച്ച് ഫീയുടെ 100 ശതമാനവും ഷാർദുൽ താക്കൂറിന് 50 ശതമാനവും പിഴശിക്ഷ വിധിച്ചപ്പോൾ പരിശീലകൻ പ്രവിൻ ആംറെയെ ഒരു മത്സരത്തിൽ നിന്നും വിലക്കി.

( Picture Source : IPL / BCCI )