Skip to content

നോ ബോൾ നൽകാതെ അമ്പയർ, ബാറ്റ്സ്മാന്മാരെ തിരികെ വിളിച്ച് ക്യാപ്റ്റൻ പന്ത്, നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി രാജസ്ഥാൻ പോരാട്ടം, വീഡിയോ കാണാം

ആവേശപോരാട്ടത്തിനൊപ്പം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം. രാജസ്ഥാൻ റോയൽസ് 15 റൺസിന് വിജയിച്ച മത്സരത്തിലെ അവസാന ഓവറിലാണ് വരും ദിവസങ്ങളിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചാക്കാവുന്ന രംഗങ്ങൾ അരങ്ങേറിയത്.

മത്സരത്തിലെ അവസാന രണ്ടോവറിൽ 36 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ എറിയാനെത്തിയ പ്രസീദ് കൃഷ്ണ ലളിത് യാദവിൻ്റെ വിക്കറ്റ് നേടുകയും ഓവർ മേയ്ഡനാക്കുകയും ചെയ്തു. അവസാന ഓവറിൽ 36 റൺസ് വേണ്ടിവന്നപ്പോൾ രാജസ്ഥാൻ റോയൽസ് വിജയം ഉറപ്പിച്ചുവെങ്കിലും അവസാന ഓവർ എറിയാനെത്തിയ ഓബഡ് മകോയ്ക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ഡൽഹിയുടെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പോവൽ റോയൽസിനെ വിറപ്പിച്ചു.

എന്നാൽ ഓവറിലെ മൂന്നാം പന്ത് അരയ്ക്ക് മുകളിലാണോ എന്ന് തോന്നിപ്പിച്ചിരുന്നു. ബാറ്റ്സ്മാന്മാരും മൊത്തം ഡഗൗട്ടും നോ ബോളാണെന്ന് വാദിച്ചുവെങ്കിലും നോ ബോൾ നൽകാനോ നോ ബോളാണോയെന്ന് പരിശോധിക്കാനോ അമ്പയർ തയ്യാറായില്ല. അമ്പയറുടെ തീരുമാനം ഡൽഹി ക്യാപിറ്റൽസ് താരങ്ങളെ ചൊടിപ്പിക്കുകയും ക്യാപ്റ്റൻ റിഷഭ് പന്ത് ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുകയും ചെയ്തു. കൂടാതെ പരിശീലകരിൽ ഒരാളെ പന്ത് അമ്പയർമാർക്ക് അരികിലേക്ക് അയക്കുന്ന വരെ കാര്യങ്ങൾ കൈവിട്ടുപോയി.

വീഡിയോ ;

ഒടുവിൽ രംഗങ്ങൾ ശാന്തമായതോടെ മത്സരം വീണ്ടും പുനരാരംഭിക്കുകയും നാലാം പന്ത് ഡോട്ട് ബോളായതോടെ രാജസ്ഥാൻ റോയൽസ് വിജയം ഉറപ്പിക്കുകയും ചെയ്തു.

( Picture Source : IPL / BCCI )

മത്സരത്തിൽ ബട്ട്ലറുടെ സെഞ്ചുറി മികവിലാണ് 223 റൺസിൻ്റെ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് ഉയർത്തിയത്. മറുപടി ബാറ്റിങിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടാനെ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചുള്ളൂ. സീസണിലെ തങ്ങളുടെ അഞ്ചാം വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

( Picture Source : IPL / BCCI )