Skip to content

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് രാജസ്ഥാൻ റോയൽസ്, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക്

ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 223 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടാനെ സാധിച്ചുള്ളൂ. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL / BCCI )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ക്യാപ്റ്റൻ റിഷഭ് പന്ത് 24 പന്തിൽ 44 റൺസും പൃഥ്വി ഷാ 27 പന്തിൽ 37 റൺസും ലളിത് യാദവ് 37 റൺസും ഡേവിഡ് വാർണർ 14 പന്തിൽ 28 റൺസും നേടി. അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ തുടർച്ചയായ മൂന്ന് സിക്സ് പറത്തി റോവ്മാൻ പോവൽ വിറപ്പിച്ചുവെങ്കിലും നാലാം പന്ത് ഡോട്ട് ആയതോടെ രാജസ്ഥാൻ റോയൽസ് വിജയം ഉറപ്പിക്കുകയായിരുന്നു. 15 പന്തിൽ 36 റൺസ് നേടിയാണ് താരം പുറത്തായത്.

( Picture Source : IPL / BCCI )

രാജസ്ഥാൻ റോയൽസിന് വേണ്ടി പ്രസീദ് കൃഷ്ണ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 32 റൺസ് വഴങ്ങി 2 വിക്കറ്റും നേടി.

( Picture Source : IPL / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറിയും തുടർച്ചയായ രണ്ടാം സെഞ്ചുറിയും നേടിയ ബട്ട്ലർ 65 പന്തിൽ 116 റൺസ് നേടിയാണ് പുറത്തായത്.

ദേവ്ദത് പടിക്കൽ 35 പന്തിൽ 54 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 46 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL / BCCI )