Skip to content

8 ഇന്നിങ്സ് 4 സെഞ്ചുറി, വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ. സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് ബട്ട്ലർ മത്സരത്തിൽ കുറിച്ചത്.

( Picture Source : IPL / BCCI )

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ എട്ട് ഇന്നിങ്സിനിടെ ബട്ട്ലർ നേടുന്ന നാലാം സെഞ്ചുറിയാണിത്. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും അതിനുമുൻപ് മുംബൈ ഇന്ത്യൻസിനെതിരെയും സെഞ്ചുറി നേടിയ ബട്ട്ലർ കഴിഞ്ഞ സീസണിലെ 28 ആം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ചുറി നേടിയിരുന്നു, ആ സീസണിലെ ബട്ട്ലറുടെ അവസാന മത്സരം കൂടിയായിരുന്നു ഇത്.

ഇതോടെ എട്ട് ഇന്നിങ്സിനുള്ളിൽ ഐ പി എല്ലിൽ നാല് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി ബട്ട്ലർ മാറി. 2016 സീസണിൽ 9 ഇന്നിങ്സിനുള്ളിൽ 4 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ബട്ട്ലർ പിന്നിലാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 65 പന്തിൽ നിന്നും 9 ഫോറും 9 സിക്സുമടക്കം 116 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 491 റൺസ് ബട്ട്ലർ നേടിയിട്ടുണ്ട്. ഇതോടെ ഒരു ഐ പി എൽ സീസണിലെ ആദ്യ 7 മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ബട്ട്ലർ മാറി. 2011 ൽ 436 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 2014 സീസണിൽ 435 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ, 2016 ൽ 433 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരെയാണ് ബട്ട്ലർ പിന്നിലാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിലെ സെഞ്ചുറിയോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ ഷെയ്ൻ വാട്സൺ, ഡേവിഡ് വാർണർ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനത്ത് ബട്ട്ലറെത്തി. 5 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും 6 സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലുമാണ് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്.