Skip to content

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയപ്പോൾ സഞ്ജു 19 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്നു. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ചിരിക്കുകയാണ് സഞ്ജു.

( Picture Source : IPL / BCCI )

മത്സരത്തിൽ 11 റൺസ് പിന്നിട്ടതോടെ ടി20 ക്രിക്കറ്റിൽ 5000 റൺസ് സഞ്ജു സാംസൺ പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന പതിമൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് സഞ്ജു സാംസൺ. വിരാട് കോഹ്ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, ശിഖാർ ധവാൻ, റോബിൻ ഉത്തപ്പ, എം എസ് ധോണി, ദിനേശ് കാർത്തിക്, ഗൗതം ഗംഭീർ, മനീഷ് പാണ്ഡെ, കെ എൽ രാഹുൽ, അമ്പാട്ടി റായുഡു, അജിങ്ക്യ രഹാനെ എന്നിവരാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ 5000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

( Picture Source : IPL / BCCI )

ടി20 ക്രിക്കറ്റിൽ 3 സെഞ്ചുറിയും 31 ഫിഫ്റ്റിയും സഞ്ജു സാംസൺ നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള സഞ്ജു സാംസൻ്റെ നൂറാം മത്സരം കൂടിയായിരുന്നു ഇത്. അജിൻക്യ രഹാനെയ്ക്ക് ശേഷം രാജസ്ഥാൻ റോയൽസിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന താരം കൂടിയാണ് സഞ്ജു.

( Picture Source : IPL / BCCI )

മത്സരത്തിൽ ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് രാജസ്ഥാൻ റോയൽസ് നേടി. സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയ ബട്ട്ലർ 65 പന്തിൽ 9 ഫോറും 9 സിക്സുമടക്കം 116 റൺസ് നേടി പുറത്തായപ്പോൾ ദേവ്ദത് പടിക്കൽ 35 പന്തിൽ 54 റൺസും ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 46 റൺസ് നേടി. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് രാജസ്ഥാൻ റോയൽസ് നേടിയത്.

( Picture Source : IPL / BCCI )