Skip to content

ജോസേട്ടൻ്റെ വിളയാട്ടം, സീസണിലെ മൂന്നാം സെഞ്ചുറിയുമായി ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിലെ തൻ്റെ അവിശ്വസനീയ ഫോം തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. സെഞ്ചുറിയോടെ ഐ പി എല്ലിൽ വമ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ് ബട്ട്ലർ.

57 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ബട്ട്ലർ 65 പന്തിൽ 9 ഫോറും 9 സിക്സുമടക്കം 116 റൺസ് നേടിയാണ് പുറത്തായത്. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 61 പന്തിൽ 103 റൺസ് നേടിയ ബട്ട്ലർ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 68 പന്തിൽ നിന്നും 100 റൺസ് നേടിയിരുന്നു.

മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ഒരു ഐ പി എൽ സീസണിൽ മൂന്ന് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് ബട്ട്ലർ സ്വന്തമാക്കി. 2016 ൽ നാല് സെഞ്ചുറി നേടിയ മുൻ റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ഐ പി എല്ലിൽ ഒരു സീസണിൽ മൂന്ന് സെഞ്ചുറി നേടിയിട്ടുള്ളത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ഈ സീസണിൽ ബട്ട്ലർ തകർക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. 2016 സീസണിൽ 16 മത്സരങ്ങളിൽ നിന്നും 81.08 ശരാശരിയിൽ 4 സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 973 റൺസ് കോഹ്ലി നേടിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ സെഞ്ചുറിയടക്കം ഈ സീസണിൽ 7 മത്സരങ്ങളിൽ നിന്നും 3 സെഞ്ചുറിയടക്കം 81.83 ശരാശരിയിൽ 491 റൺസ് ഇതിനോടകം ബട്ട്ലർ നേടിയിട്ടുണ്ട്.