Skip to content

വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും എം എസ് ധോണിയുടെ തന്ത്രത്തിന് മുൻപിൽ വീണ് മുംബൈ ഇന്ത്യൻസിൻ്റെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ്.

വർഷങ്ങളായി പൊള്ളാർഡിനെ പുറത്താക്കുവാൻ ധോണി പയറ്റുന്ന തന്ത്രമാണ് അമ്പയർക്ക് നേരെ പുറകിൽ ബൗണ്ടറി ലൈനിൽ ഫീൽഡറെ നിർത്തുകയെന്നത്. 2010 സീസണിലാണ് ആദ്യമായി ഇത്തരത്തിൽ ധോണി ഫീൽഡറെ നിർത്തി പൊള്ളാർഡിനെ പുറത്താക്കിയത്. 2017 ഐ പി എൽ സീസണിൽ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കുമ്പോഴും ധോണിയുടെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ ഫീൽഡറെ നിർത്തുകയും പൊള്ളാർഡ് ധോണിയുടെ വലയിൽ വീഴുകയും ചെയ്തിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ധോണിയുടെ വലയിൽ വീണിരിക്കുകയാണ് പൊള്ളാർഡ്.

2010 സീസണിൽ മാത്യൂ ഹെയ്ഡനായിരുന്നു ഫീൽഡറെങ്കിൽ ഇക്കുറി ശിവം ദുബെയെയാണ് ധോണി ഈ ദൗത്യം ഏൽപ്പിച്ചത്. പിഴവുകൾ ഒന്നും കൂടാതെ ദുബെ പന്ത് കൈപിടിയിൽ ഒതുക്കുകയും ചെയ്തു.

വീഡിയോ ;

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ധോണിയുടെ ഈ തന്ത്രം സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ പയറ്റുകയും വെസ്റ്റിൻഡീസ് ക്യാപ്റ്റനായിരുന്ന പൊള്ളാർഡിനെ പുറത്താക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. മുൻനിര ബാറ്റ്സ്മാന്മാർ മികവ് പുലർത്താതെ പുറത്തായപ്പോൾ 43 പന്തിൽ 51 റൺസ് നേടിയ തിലക് വർമ്മയാണ് മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

( Picture Source : IPL / BCCI )