ആദം മിൽനെയ്‌ക്ക് പകരക്കാരനായി ജൂനിയർ മലിംഗയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്

പരിക്ക് മൂലം ഈ ഐ പി എൽ സീസണിൽ നിന്നും പുറത്തായ ന്യൂസിലൻഡ് പേസർ ആദം മിൽനെയ്‌ക്ക് പകരക്കാരനായി ശ്രീലങ്കൻ യുവ പേസർ മതീഷ പതിരാനയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് മിൽനെ പരിക്കിൻ്റെ പിടിയിലായത്. ടൂർണമെൻ്റിലെ അവസാന ഘട്ടങ്ങളിൽ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒടുവിൽ മിൽനെ ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ നാല് സീസണുകളിലും മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിരുന്ന താരത്തെ ലേലത്തിൽ 1.90 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചിരുന്ന്.

അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ശ്രീലങ്കൻ പേസർ പതിരാനയെ സി എസ് കെ ടീമിൽ എത്തിച്ചിരിക്കുന്നത്. ഇതിഹാസ താരം ലസിത് മലിംഗയുടെ ബൗളിംഗ് ആക്ഷനുമായി സാമ്യമുള്ളതിനെ തുടർന്നാണ് പതിരാന ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കഴിഞ്ഞ രണ്ട് അണ്ടർ 19 ലോകകപ്പിലും താരം ശ്രീലങ്കയെ പ്രതിനിധീകരിച്ചിരുന്നു.

( Picture Source : Twitter )

ദീപക് ചഹാറിന് പുറകെ ആദം മിൽനെയും പുറത്തായത് ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാകും. ക്രിസ് ജോർദാൻ, മുകേഷ് ചൗധരി, തുഷാർ ദേഷ്പാണ്ഡെ, ബ്രാവോ, പ്രിട്ടോറിയസ് എന്നിവരാണ് ടീമിലെ മറ്റു പേസർമാർ. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മോശം പ്രകടനമാണ് പേസർമാർ കാഴ്ച്ചവെച്ചത്. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷ്ണയുടെ പ്രകടനം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസമേകുന്നത്.

6 മത്സരങ്ങളിൽ നിന്നും ഒരേയൊരു വിജയം നേടി പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. ഒരു വിജയം പോലും നേടാനാകാതെ മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്സിന് പുറകിലുള്ളത്.