രോഹിത് ശർമ്മയ്‌ക്ക് ശേഷം ഇതാദ്യം, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സീസണിലെ തുടർച്ചയായ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ വാർണർ 60 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു തകർപ്പൻ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം എത്തിയിരിക്കുകയാണ് വാർണർ.

( Picture Source : IPL / BCCI )

വാർണറിൻ്റെ ഫിഫ്റ്റി മികവിൽ 9 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽ നേടിയത്. പഞ്ചാബ് കിങ്സ് ഉയർത്തിയ 116 റൺസിൻ്റെ വിജയലക്ഷ്യം 10.3 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു.

30 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 60 റൺസ് നേടി വാർണർ പുറത്താകാതെ നിന്നിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 1000 റൺസ് വാർണർ പൂർത്തിയാക്കി. ഇതോടെ ഐ പി എല്ലിൽ ഒരു ഫ്രാഞ്ചൈസിയ്‌ക്കെതിരെ 1000 + റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി വാർണർ മാറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 1018 റൺസ് നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഐ പി എല്ലിൽ ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

സീസണിലെ തുടർച്ചയായ തൻ്റെ മൂന്നാം ഫിഫ്റ്റിയാണ് മത്സരത്തിൽ ഡേവിഡ് വാർണർ നേടിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 4 റൺസ് നേടി പുറത്തായ വാർണർ കെ കെ ആറിനെതിരായ തൊട്ടടുത്ത മത്സരത്തിൽ 45 പന്തിൽ 61 റൺസും ആർ സീ ബിയ്ക്കെതിരായ മത്സരത്തിൽ 38 പന്തിൽ 66 റൺസും നേടിയിരുന്നു.

( Picture Source : IPL / BCCI )