പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ 115 റൺസിൽ ഒതുക്കിയ ഡൽഹി 116 വിജയലക്ഷ്യം വെറും 10.3 ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
20 പന്തിൽ 41 റൺസ് നേടിയ പൃഥ്വി ഷായും 30 പന്തിൽ 60 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഡൽഹിയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സർഫറാസ് ഖാൻ 13 പന്തിൽ 12 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിന് നിശ്ചിത 20 ഓവറിൽ 115 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 23 പന്തിൽ 32 റൺസ് നേടിയ ജിതേഷ് വർമ്മ മാത്രമാണ് പഞ്ചാബ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഖലീൽ അഹമ്മദ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ലളിത് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും മുസ്തഫിസുർ റഹ്മാൻ ഒരു വിക്കറ്റും നേടി. ഏപ്രിൽ 22 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 25 ന് ചെന്നൈ സൂപ്പർ കിങ്സുമായാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം.
