Skip to content

മികവ് തുടർന്ന് ദിനേശ് കാർത്തിക്, ഡൽഹി ക്യാപിറ്റൽസിനെതിരെ ആർ സീ ബിയ്‌ക്ക് തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെ 16 റൺസിന് പരാജയപ്പെടുത്തി സീസണിലെ നാലാം വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : IPL / BCCI )

38 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 66 റൺസ് നേടിയ ഡേവിഡ് വാർണർ മാത്രമാണ് ഡൽഹിയ്‌ക്ക് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ റിഷഭ് പന്ത് 17 പന്തിൽ 34 റൺസ് നേടി പുറത്തായി.

( Picture Source : IPL / BCCI )

ആർ സീ ബിയ്‌ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ഹസരങ്ക ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 34 പന്തിൽ 55 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലിൻ്റെയും 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടിയ ദിനേശ് കാർത്തിക്കിൻ്റെയും മികവിലാണ് തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം മികച്ച സ്കോർ നേടിയത്. 21 പന്തിൽ 32 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദ് മികച്ച പിന്തുണ നൽകി. 5 ഫോറും 5 സിക്സും മത്സരത്തിൽ ദിനേശ് കാർത്തിക്കിൻ്റെ ബാറ്റിൽ നിന്നും പിറന്നു.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 4 വിജയവുമായി ആർ സീ ബി പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 5 മത്സരങ്ങളിൽ നിന്നും 2 വിജയവുമായി പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.

( Picture Source : IPL / BCCI )