ആർസിബിയെ വിറപ്പിച്ച് ഒടുവിൽ മടക്കം ; വാർണർക്ക് മുന്നിൽ ആക്രോശിച്ച്  കോഹ്ലിയുടെ വിക്കറ്റ് ആഘോഷം – വീഡിയോ

ഡൽഹി ക്യാപിറ്റൽസിനെ 16 റൺസിന് തകർത്ത് 15ആം സീസണിലെ നാലാം ജയം സ്വന്തമാക്കി റോയൽ ചെല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 190 വിജയലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് മാത്രമാണ് നേടാനായത്. 34 പന്തിൽ 66 റൺസ് നേടി ആർസിബിയുടെ വിജയത്തിൽ ചുക്കാൻ പിടിച്ച ദിനേശ് കാർത്തികാണ്കളിയിലെ താരം.

190 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് വാർണർ നൽകിയത്. പവർ പ്ലേ കഴിയുമ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ 57 റൺസ് നേടിയിരുന്നു. 38 പന്തിൽ 66 റൺസ് നേടി ഡൽഹിയുടെ സ്‌കോർ 92ൽ എത്തിച്ചാണ് വാർണർ മടങ്ങിയത്. ഹസരങ്ക വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 24 പന്തിൽ 14 റൺസ് നേടി ഇഴഞ്ഞ് നീങ്ങിയ മിച്ചൽ മാർഷിന്റെ ഇന്നിംഗ്സ് ഡൽഹിക്ക് കനത്ത തിരിച്ചടിയായി.

ക്യാപ്റ്റൻ റിഷഭ് പന്ത് 17 പന്തിൽ 34 റൺസ് നേടി പുറത്തായി. ഡൽഹിക്ക് വിജയ പ്രതീക്ഷ നൽകി അതിവേഗത്തിൽ സ്‌കോർ ഉയർത്തുന്നതിനിടെ പന്ത് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. മധ്യനിരയിൽ പവൽ പൂജ്യത്തിലും ലളിത് യാദവ് 1 റൺസിലും മടങ്ങിയത് ആർസിബിയുടെ ജയം വേഗത്തിലാക്കി.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിച്ച് ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ടായിരുന്നു. 11.2 ഓവറിൽ 92/5 എന്ന നിലയിൽ ഉണ്ടായിരുന്ന ബാംഗ്ലൂരിനെയാണ് ആറാം വിക്കറ്റിൽ ദിനേശ് കാർത്തിക്കും ഷഹബാസ് അഹമ്മദും ചേർന്ന് കരകയറ്റിയത്.

തുടക്കത്തിൽ തന്നെ വിക്കറ്റ് വീണതോടെ പതുക്കെയാണ് സ്‌കോർ നീങ്ങിയത്. മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റൻ ഡുപ്ലെസിസും (8) ഓപ്പണർ അനുജ് രാവതും (0) രണ്ടക്കം കാണാതെ പുറത്തായതോടെ ബാംഗ്ലൂർ സമ്മർദ്ദത്തിലായി. പിന്നാലെ മാക്സ്വെല്ലും കോഹ്ലിയും ചേർന്ന് സ്‌കോർ 40ൽ എത്തിച്ചു. കോഹ്ലി (12) റൺ ഔട്ടിലൂടെ പുറത്തായതോടെ ടീം സ്‌കോർ 40/3 എന്ന നിലയിലേക്ക് വീണു.

മാക്‌സ്‌വെലിൻറെ ഒറ്റയാൾ പോരാട്ടം പവർ പ്ലേയ്ക്ക് ശേഷം ടീം സ്‌കോർ ഉയരാൻ സഹായകമായി. 34 പന്തിൽ 55 റൺസ് നേടിയാണ് മടങ്ങിയത്. ആറാം വിക്കറ്റിൽ 97 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കാർത്തിക്കും ഷഹബാസും ടീം സ്കോറിൽ നിർണായകമായി. കാർത്തിക് 34 പന്തിൽ 5 സിക്‌സും 5 ഫോറും സഹിതം 66 റൺസ് നേടി. ഷഹബാസ് 21 പന്തിൽ 32 റൺസ് നേടിയിട്ടുണ്ട്. ഡൽഹി ബൗളിംഗ് നിരയിൽ മുസ്തഫിസസർ ഒഴിക്കേ ബാക്കി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top