Skip to content

ആ റണ്ണൗട്ടുകൾ നിർണാകമായി, തുടർച്ചയായ അഞ്ചാം മത്സരത്തിലെ തോൽവിയെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

പഞ്ചാബ് കിങ്സിനെതിരായ തോൽവിയ്‌ക്ക് കാരണമായത് അനാവശ്യമായ രണ്ട് റണ്ണൗട്ടുകളാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ നന്നായി ബാറ്റ് ചെയ്യാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് അവസാന ഓവറുകളിൽ നന്നായി ബൗൾ ചെയ്തുകൊണ്ട് പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയെന്നും ഹിറ്റ്മാൻ പറഞ്ഞു.

( Picture Source : IPL / BCCI )

” മത്സരത്തിൽ വളരെ നന്നായി ഞങ്ങൾ കളിച്ചു, വിജയത്തിനടുത്തെത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. നിർണാകമായ ആ രണ്ട് റണ്ണൗട്ടുകൾ, അത് അനാവശ്യമായിരുന്നു. ഒരു ഘട്ടത്തിൽ ഞങ്ങൾ മികച്ച റൺറേറ്റ് നിലനിർത്തി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ സമ്മർദ്ദത്തെ അതിജീവിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അവസാന ഓവറുകളിൽ പന്തെറിഞ്ഞ രീതിയിൽ പഞ്ചാബ് ക്രെഡിറ്റ് അർഹിക്കുന്നു. ” രോഹിത് ശർമ്മ പറഞ്ഞു.

” നിങ്ങൾ മത്സരങ്ങൾ വിജയിക്കുന്നില്ലയെങ്കിൽ ഒരു ബാറ്റിങ് നിരയെന്ന രീതിയിൽ വിജയിക്കാൻ കഴിയുന്ന വഴി കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യത്യസ്തമായ ചില ആശയങ്ങളും ചിന്താ പ്രക്രിയകളും ഞങ്ങൾ പരീക്ഷിക്കുന്നത്. പക്ഷേ ഒന്നും തന്നെ ഈ നിമിഷം പ്രാവർത്തികമാകുന്നില്ല. എന്നിരുന്നാലും എൻ്റെ കളിക്കാരിലുള്ള പ്രതീക്ഷ ഞാൻ കൈവിടുന്നില്ല. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

തുടർച്ചയായ അഞ്ചാം തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ഇത് രണ്ടാം തവണയാണ് ഒരു ഐ പി എൽ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപെടുന്നത്. ഇതിനുമുൻപ് 2014 സീസണിലും ആദ്യ അഞ്ച് മത്സരങ്ങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപെട്ടിരുന്നു. ഏപ്രിൽ 16 ന് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തുളള ലഖ്നൗ സൂപ്പർ ജയൻ്റ്സുമായാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )