CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

രാജസ്ഥാൻ്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മികച്ച ഫിനിഷറായി മാറുവാൻ എനിക്ക് കഴിയും, റിയാൻ പരാഗ്

ഇന്ത്യൻ ടീമിലെ തന്നെ മികച്ച ഫിനിഷറാകുവാൻ തനിക്ക് സാധിക്കുമെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. 2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന പരാഗിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് 2019 ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

സീസണിൽ ഐ പി എൽ ചരിത്രത്തിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന നേട്ടം പരാഗ് സ്വന്തമാക്കിയിരുന്നു. പിന്നീട് മൂന്ന് സീസണുകളിലും റോയൽസിന് വേണ്ടി കളിച്ച താരത്തിന് സ്ഥിരത പുലർത്താൻ സാധിച്ചില്ലയെങ്കിലും കഴിഞ്ഞ താരലേലത്തിൽ 3.80 കോടി രൂപയ്‌ക്ക് പരാഗിനെ റോയൽസ് വീണ്ടും ടീമിൽ തിരിച്ചെത്തിച്ചിരുന്നു.

” എനിക്ക് എന്നെ തന്നെ പുകഴ്ത്താൻ ആഗ്രഹമില്ല, എന്നിരുന്നാലും രാജസ്ഥാൻ റോയൽസിൻ്റെ മാത്രമല്ല വരും വർഷങ്ങളിൽ ഇന്ത്യൻ ടീമിൻ്റെയും മികച്ച ഫിനിഷറാകുവാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. മികച്ച കഴിവുകൾ എനിക്കുണ്ട്, ബാറ്റിങ് മാത്രമല്ല ബൗളിങിലും ഫീൽഡിങിലും എനിക്ക് കഴിവുകൾ ലഭിച്ചു. ”

” തീർച്ചയായും ഞാൻ ഇനിയും പ്രയത്നിക്കേണ്ടതുണ്ട്, സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഒരുപാട് മേഖലകളിൽ ഇനിയുമേറെ മെച്ചപെടാനുണ്ട്. എന്നിരുന്നാലും രാജസ്ഥാൻ റോയൽസിന് വേണ്ടിയും എൻ്റെ രാജ്യത്തിന് വേണ്ടിയും അത് ചെയ്യാനാകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ” റിയാൻ പരാഗ് കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ ഇതുവരെ 34 മത്സരങ്ങൾ കളിച്ച താരം 364 റൺസും മൂന്ന് വിക്കറ്റും മാത്രമാണ് നേടിയിട്ടുള്ളത്.

Leave a comment