ക്യാച്ചിന് ശ്രമിക്കാതെ മൊഹമ്മദ് ഷാമി, ഇന്ത്യൻ സീനിയർ താരത്തെ ചീത്തവിളിച്ച് ഹാർദിക് പാണ്ഡ്യ, വീഡിയോ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സീനിയർ താരം മൊഹമ്മദ് ഷാമിയെ ചീത്തവിളിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്. മത്സരത്തിനിടെ ബൗണ്ടറി ലൈനിൽ ക്യാച്ചിന് ശ്രമിക്കാതെ മൊഹമ്മദ് ഷാമി ബൗണ്ടറി സേവ് ചെയ്തതാണ് ഹാർദിക് പാണ്ഡ്യയെ ചൊടിപ്പിച്ചത്.

മികച്ച തുടക്കമാണ് ഐ പി എല്ലിൽ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയ്‌ക്ക് ലഭിച്ചത്. പാണ്ഡ്യയുടെ കീഴിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചിരുന്നു. മത്സരങ്ങളിലെ പാണ്ഡ്യയുടെ ക്യാപ്റ്റൻസിയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിലെ സീനിയർ താരമായ മൊഹമ്മദ് ഷാമിയോടുള്ള ഹാർദിക് പാണ്ഡ്യയുടെ പെരുമാറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

( Picture Source : IPL / BCCI )

ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അവസാന പന്തിൽ രാഹുൽ ത്രിപാതി അപ്പർ കട്ടിന് ശ്രമിക്കുകയും തേർഡ് മാനിൽ നിന്നിരുന്ന ഷാമിയ്‌ക്ക് അരികിലേക്ക് പന്തെത്തുകയും ചെയ്തു. അൽപ്പം മുന്നോട്ട് ഓടിവന്നിരുന്നെങ്കിൽ ക്യാച്ച് നേടാമായിരുന്നുവെങ്കിലും അതിന് ശ്രമിക്കാതിരുന്ന ഷാമി ബൗൺസ് ചെയ്ത ശേഷമാണ് പന്ത് പിടിച്ചത്.

ഷാമിയുടെ ഈ അലസത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് രസിച്ചില്ല. സീനിയർ താരത്തിനെ ശകാരിച്ചുകൊണ്ട് കടുത്ത വാക്കുകൾ തന്നെ പാണ്ഡ്യ ഉപയോഗിച്ചു.

വീഡിയോ കാണാം ;

ഐ പി എല്ലിലെ തങ്ങളുടെ ആദ്യ പരാജയമാണ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടക്കുകയായിരുന്നു. മത്സരത്തിലെ പരാജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോൾ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം നേടിയ സൺറൈസേഴ്സ് എട്ടാം സ്ഥാനം നിലനിർത്തി.

( Picture Source : IPL / BCCI )