Skip to content

എനിക്കുണ്ടായിരുന്ന പോലെ കഴിവ് അവനുണ്ട്, ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ അവൻ കളിക്കും, ഡൽഹി താരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായെ പ്രശംസിച്ച് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. തനിക്കുണ്ടായിരുന്ന കഴിവുകൾ എല്ലാം തന്നെ പൃഥ്വി ഷായ്ക്കുണ്ടെന്നും താരത്തെ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാക്കി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്നും പോണ്ടിങ് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ താരങ്ങളിൽ ഒരാളായിരുന്നു പൃഥ്വി ഷാ. ടീമിൻ്റെ പ്രകടനം ശരിവെയ്ക്കുന്ന പ്രകടനമാണ് സീസണിലെ ആദ്യ മത്സരങ്ങളിൽ താരം കാഴ്ച്ചവെച്ചത്. ആദ്യ നാല് മത്സരങ്ങളിൽ നിന്നും 2 ഫിഫ്റ്റിയടക്കം 160 റൺസ് താരം നേടിയിട്ടുണ്ട്.

” പൃഥ്വി ഷായുടെ കളി നോക്കിയാൽ എനിക്ക് ഉണ്ടായിരുന്നത് പോലെ എല്ലാ കഴിവുകളും അവനുണ്ട്, അല്ലെങ്കിൽ അതിൽ കൂടുതൽ. ഇന്ത്യയ്ക്കായി 100 ലാധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരമായും ആവുന്നത്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരനായി അവനെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ” പോണ്ടിങ് പറഞ്ഞു.

( Picture Source : IPL / BCCI )

2018 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും പിന്നീട് സ്ഥിരത പുലർത്തി ടീമിൽ സ്ഥാനമുറപ്പിക്കാൻ താരത്തിന് സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 5 ടെസ്റ്റ് മത്സരങ്ങളിലും 6 ഏകദിനത്തിലും ഒരു ടി20 മത്സരത്തിലും താരം കളിച്ചിട്ടുണ്ട്.

( Picture Source : IPL / BCCI )

” മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ചായി ഞാൻ സ്ഥാനമേറ്റപ്പോൾ രോഹിത് വളരെ ചെറുപ്പമായിരുന്നു. ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും അന്ന് കളിച്ചിട്ടില്ല. ഞാൻ അവിടെ പരിശീലനം നൽകിയ ധാരാളം പേർ പിന്നീട് ഇന്ത്യയ്ക്കായി കളിച്ചു. അതാണ് ഡൽഹി ക്യാപിറ്റൽസിലും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

നാല് മത്സരങ്ങളിൽ നിന്നും 2 വിജയവുമായി നിലവിൽ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസുള്ളത്. ഏപ്രിൽ 16 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )