Skip to content

ആ പന്ത് ഞാൻ കണ്ടതുപോലുമില്ല, ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ ഡെലിവറിയെ കുറിച്ച് കെ എൽ രാഹുൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിൻ്റെ ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾ കാഴ്ച്ചവെച്ചത്. ലഖ്നൗ ഇന്നിങ്സിലെ ആദ്യ പന്തിൽ കെ എൽ രാഹുലിനെ തകർപ്പൻ പന്തിലൂടെ പുറത്താക്കിയ താരം തൊട്ടുപുറകെ കൃഷ്ണപ്പ ഗൗതത്തെയും പുറത്താക്കിയിരുന്നു. ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ.

( Picture Source : IPL / BCCI )

മത്സരത്തിൽ മൂന്ന് റൺസിൻ്റെ ആവേശവിജയമാണ് രാജസ്ഥാൻ റോയൽസ് കുറിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 166 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

” ആ ബോൾ ഞാൻ കണ്ടതുപോലുമില്ല, അതുമാത്രമേ എനിക്ക് പറയാനാകൂ, കണ്ടിരുന്നെങ്കിൽ ബാറ്റിൽ കൊള്ളിക്കാനെങ്കിലും എനിക്ക് സാധിച്ചേനെ. അതൊരു നല്ല പന്തായിരുന്നു. ” മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : IPL / BCCI )

” 20 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മത്സരത്തിൽ അവസരം ഇനിയുമുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മികച്ച കൂട്ടുകെട്ട് ഞങ്ങൾക്ക് ആവശ്യമായിരുന്നു, എന്നാലത് ഞങ്ങൾക്ക് ലഭിച്ചില്ല. സ്റ്റോയിനിസിൻ്റെ പ്രകടനം മികച്ചതായിരുന്നു. സീസണിലെ ആദ്യ മത്സരത്തിലെ ഈ പ്രകടനം അവന് ആത്മവിശ്വാസം നൽകും. സ്റ്റോയിനിസിനെ ആദ്യം ഇറക്കാതിരുന്നത് പ്ലാനിൻ്റെ ഭാഗം തന്നെയായിരുന്നു. അവസാന അഞ്ചോവറുകളിൽ അവൻ എത്രത്തോളം അപകടകാരിയാകുമെന്ന് ഞങ്ങൾക്കറിയാം. ”

( Picture Source : IPL / BCCI )

” ധാരാളം ഓൾ റൗണ്ടർമാർ ഞങ്ങൾക്കുണ്ട്, അതുകൊണ്ടാണ് ബാറ്റിങ് ഓർഡറുകളിൽ മാറ്റം വരുത്തികൊണ്ടിരിക്കുന്നത്. അൽപ്പം പ്രവചനാതീതമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ” കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

5 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവുമായി പോയിൻ്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ലഖ്നൗ സൂപ്പർ ജയൻ്റ്സുള്ളത്.

( Picture Source : IPL / BCCI )