ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ റിട്ടയർഡ് ഔട്ടായി രവിചന്ദ്രൻ അശ്വിൻ മടങ്ങിയത് ടീമിൻ്റെ തീരുമാനപ്രകാരമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 19 ആം ഓവറിലാണ് റിയാൻ പരാഗിനെ ക്രീസിലെത്തിക്കാൻ അശ്വിൻ റിട്ടയർഡ് ഔട്ടായി മടങ്ങിയത്.

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ റിട്ടയേർഡ് ഔട്ടാകുന്നത്. ഒരു ടൂർ മത്സരത്തിൽ ഷാഹിദ് അഫ്രീദി, മാൽദീവ്സിനെതിരായ മത്സരത്തിൽ ഭൂട്ടാൻ ബാറ്റ്സ്മാൻ സോനം ടോബ്ഗ, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ സുൻസമുൽ ഇസ്ലാം എന്നിവരാണ് ഇതിനുമുൻപ് പ്രൊഫഷണൽ ടി20 ക്രിക്കറ്റിൽ റിട്ടയർഡ് ഔട്ടായിട്ടുള്ളത്. 23 പന്തിൽ 28 റൺസ് നേടിയാണ് അശ്വിൻ പുറത്തുപോയത്, പിന്നാലെ എത്തിയ റിയാൻ പരാഗ് 4 പന്തിൽ 8 റൺസ് നേടുകയും ചെയ്തു.

” വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്. സീസണിന് മുൻപേ ഇതിനെകുറിച്ച് ഞങ്ങൾ സംസാരിച്ചു. ചില സാഹചര്യങ്ങൾ വന്നാൽ അതെന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്ന് ഞങ്ങൾക്ക് തോന്നി. അത് ടീമിൻ്റെ തീരുമാനം തന്നെയായിരുന്നു. ” മത്സരശേഷം സഞ്ജു സാംസൺ പറഞ്ഞു.

സീസണിലെ തങ്ങളുടെ മൂന്നാം വിജയമാണ് രാജസ്ഥാൻ റോയൽസ് കുറിച്ചത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ കെ കെ ആറിനെ പിന്നിലാക്കി രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഏപ്രിൽ 14 ന് ശക്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.
