Skip to content

ക്രിക്കറ്റിൻ്റെ നിയമങ്ങൾ പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ടെത്തിയത് ഇതാണ്, കോഹ്ലിയുടെ പുറത്താകലിൽ പ്രതിഷേധം അറിയിച്ച് ആർ സീ ബി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ കോഹ്ലിയുടെ വിവാദ പുറത്താകലിൽ പരസ്യമായി പ്രതിഷേധം അറിയിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. എം സി സിയുടെ ക്രിക്കറ്റ് നിയമങ്ങൾ ചൂണ്ടികാട്ടിയാണ് തേർഡ് അമ്പയറുടെ തീരുമാനത്തെ ആർ സീ ബി വിമർശിച്ചിരിക്കുന്നത്.

ഡെവാൾഡ് ബ്രെവിസ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലി LBW ആയത്. ബ്രെവിസ് എറിഞ്ഞ ഫുൾ ലെങ്ത് ഡെലിവറി കോഹ്ലിയുടെ ബാറ്റിലും പാഡിലും ഒരേ സമയം തട്ടുന്നതായി തോന്നിച്ചുവെങ്കിലും ഓൺ ഫീൽഡ് അമ്പയർ മറിച്ചൊന്നും ചിന്തിക്കാതെ ഔട്ട് വിധിക്കുകയായിരുന്നു.

പന്ത് ബാറ്റിലാണ് ആദ്യം തട്ടിയതെന്ന് ഉറപ്പുണ്ടായിരുന്ന വിരാട് കോഹ്ലി ഒട്ടും മടിക്കാതെ ഉടനെ തന്നെ ഡിസിഷൻ റിവ്യൂ ചെയ്യുകയും ചെയ്തു. തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് പാഡിൽ തട്ടുന്നതിന് തൊട്ടുമുൻപേ ബാറ്റിൽ ഉരസുന്നതായി കാണിച്ചു. അങ്ങനെയല്ലെങ്കിൽ പോലും പന്ത് ഒരേ സമയം ബാറ്റിലും പാഡിലും ഒരേ സമയം തട്ടിയിട്ടുണ്ട്. എന്നിരുന്നാലും വേണ്ടത്ര തെളിവ് ലഭിക്കാത്തതിനാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെയ്ക്കുകയായിരുന്നു.

എന്നാൽ എം സി സി നിയമപ്രകാരം lbw തീരുമാനങ്ങളിൽ മതിയായ തെളിവുകൾ ഇല്ലെങ്കിൽ അതിൻ്റെ ആനുകൂല്യം നൽകേണ്ടത് ബാറ്റ്സ്മാനാണ്. പന്ത് ഒരേ സമയം ബാറ്റിലും പാഡിലും തട്ടുകയാണെങ്കിൽ പന്ത് ബാറ്റിൽ തട്ടിയതായി കണക്കാക്കണമെന്നും എം സി സി നിയമം പറയുന്നു. ഈ നിയമം ചൂണ്ടികാട്ടിയാണ് ആർ സീ ബി ഇപ്പോൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതനായാണ് വിരാട് കോഹ്ലി മടങ്ങിയത്. ബാറ്റ് കൊണ്ട് ഗ്രൗണ്ടിൽ തട്ടി കോഹ്ലി തൻ്റെ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു. 36 പന്തിൽ 48 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ വിജയം ആർ സീ ബി നേടുകയും ചെയ്തു. ഏപ്രിൽ 12 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം.