വിജയത്തിനടുത്തെത്താൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല, കളിക്കാർക്ക് പോലും ഉള്ളിൽ സംശയമുണ്ടായി തുടങ്ങി, സി എസ് കെ ഹെഡ് കോച്ച്

ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീൽഡിങിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമെ ചെന്നൈ സൂപ്പർ കിങ്സിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്ന് സി എസ് കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. കളിക്കാർക്ക് പോലും സ്വന്തം കഴിവിൽ സംശയമുണ്ടായി തുടങ്ങിയെന്നും സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

( Picture Source : IPL / BCCI )

” ബാറ്റിങിലും ബൗളിങിലും ഫീൽഡിങിലും ഞങ്ങൾ മെച്ചപെടേണ്ടതുണ്ടെന്ന് വ്യക്തമാണ്. ഇന്ന് എല്ലാ വിഭാഗങ്ങളിലും ഞങ്ങളേക്കാൾ നന്നായി അവർ കളിച്ചു. ഇതൊരു തരത്തിലൊരു പാഠമാണ്. കളിക്കാരുടെ ലഭ്യതയുമായി ഞങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ട്. ചില മേഖലകളിൽ വേണ്ടത്ര ശക്തി ഞങ്ങൾക്കില്ല. ” മത്സരശേഷം ഫ്ലെമിങ് പറഞ്ഞു.

” ടീമിൻ്റെ ആത്മവിശ്വാസം വർധിക്കുന്ന ഒന്നും തന്നെ ഈ മത്സരങ്ങളിൽ ലഭിച്ചിട്ടില്ല. മത്സരങ്ങൾ വിജയിക്കാനോ വിജയത്തിനരികെ എത്താനോ ഞങ്ങൾക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കളിക്കാർക്കടക്കം സ്വയം ചില സംശയങ്ങൾ ഉണ്ടായേക്കാം. കളിക്കാർ വിഷമത്തിലുമാണ്. അത് വളരെ വേഗത്തിൽ കൈകാര്യം ചെയ്തുകൊണ്ട് താളം കണ്ടെത്തി ടൂർണ്ണമെൻ്റിൽ തിരിച്ചെത്താൻ ഞങ്ങൾ ശ്രമിക്കും. ” ഫ്ലെമിംഗ് കൂട്ടിചേർത്തു.

( Picture Source : IPL / BCCI )

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പരാജയത്തോടെ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തേക്ക് ചെന്നൈ സൂപ്പർ കിങ്സ് പിന്തളളപ്പെട്ടിരുന്നു. തുടർച്ചയായ നാലാം തോൽവിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം 17.4 ഓവറിൽ സൺറൈസേഴ്സ് മറികടന്നു. 75 റൺസ് നേടിയ യുവതാരം അഭിഷേക് വർമ്മയും 15 പന്തിൽ 39 റൺസ് നേടിയ രാഹുൽ ത്രിപാതിയുമാണ് അനായാസ വിജയം സൺറൈസേഴ്സിന് നേടികൊടുത്തത്.

ഏപ്രിൽ 12 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )