ആവേശ വിജയമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നേടിയത്. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ അവസാന 2 പന്തിൽ 12 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി രണ്ട് സിക്സ് പറത്തി രാഹുൽ തെവാട്ടിയയാണ് ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്.

അവസാന മൂന്നോവറിൽ 37 റൺസ് വേണമെന്നിരിക്കെ പതിനെട്ടാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങിയ അർഷ്ദീപ് സിങാണ് മത്സരം പഞ്ചാബ് കിങ്സിൻ്റെ വരുതിയിലാക്കിയത്. എന്നാൽ റബാഡ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ 13 റൺസ് നേടിയ ഗുജറാത്ത് ഒഡിയൻ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ 19 റൺസ് നേടി വിജയം കൈവരിക്കുകയായിരുന്നു.
” ഇത് പഞ്ചാബ് കിങ്സിൻ്റെ മത്സരമായിരുന്നു, ഏതൊരു ദിനത്തിലും ഈയൊരു റിസൾട്ട് ഞങ്ങളെടുക്കും, എന്നാൽ ഇത്തരത്തിൽ മത്സരം തോറ്റതിനാൽ അവരോട് അൽപ്പം സഹതാപമുണ്ട്. ” മത്സരശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞു.

” അനുമോദിക്കേണ്ടത് രാഹുൽ തെവാട്ടിയയെയാണ്, ക്രീസിലെത്തി ഇങ്ങനെ റൺസ് നേടുകയെന്നത് എപ്പോഴും പ്രയാസമാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ 2 പന്തിൽ 2 സിക്സ് നേടി ടീമിനെ വിജയിപ്പിക്കുകയെന്നത് മഹത്തരമാണ്. ” പാണ്ഡ്യ കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും ഹാർദിക് പാണ്ഡ്യ പ്രശംസിച്ചു. ഗിൽ ബാറ്റ് ചെയ്ത രീതി തന്നെയേറെ സന്തോഷിപ്പിച്ചുവെന്നും അവനിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും വിഷമിക്കേണ്ട ഞാനിവിടെയുണ്ടെന്ന സന്ദേശമാണ് ഗിൽ നൽകുന്നതെന്നും മത്സരശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞു.
തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ഇതോടെ പോയിൻ്റ് ടേബിളിൽ കെ കെ ആറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും ടൈറ്റൻസിന് സാധിച്ചു. ഏപ്രിൽ 11 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.
