Skip to content

ഉത്തരം പറയേണ്ടത് അവനാണ്, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗവാസ്കറും രവി ശാസ്ത്രിയും

ആർ സീ ബിയ്ക്കെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. ഒരു ഘട്ടത്തിൽ ആർ സീ ബിയെ 87 റൺസിന് 5 എന്ന നിലയിൽ സമ്മർദ്ദത്തിലാക്കിയ ശേഷമാണ് റോയൽസ് മത്സരം കൈവിട്ടത്.

( Picture Source : IPL )

രാജസ്ഥാൻ റോയൽസ് ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 44 റൺസ് നേടിയ ദിനേശ് കാർത്തിക്കിൻ്റെയും 45 റൺസ് നേടിയ ഷഹ്ബാസ് അഹമ്മദിൻ്റെയും മികവിലാണ് ആർ സീ ബി മറികടന്നത്. അശ്വിൻ എറിഞ്ഞ 14 ആം ഓവറിൽ 21 റൺസ് നേടിയതോടെയാണ് മത്സരം റോയൽസ് സമ്മർദ്ദത്തിലായത്. എന്നാൽ തൊട്ടടുത്ത ഓവർ നവ്ദീപ് സൈനിയ്ക്കാണ് സഞ്ജു നൽകിയത്. ഈ ഓവറിൽ 17 റൺസ് ആർ സീ ബി നേടുകയും ചെയ്തു.

( Picture Source : IPL )

” അശ്വിൻ്റെ നോ ബോൾ ദിനേശ് കാർത്തിക്കിനെ താളം കണ്ടെത്താൻ സഹായിച്ചു. അവനൊരു ഫ്രീ ഹിറ്റ് കിട്ടി. ഫ്രീ ഹിറ്റ് അല്ലായിരുന്നുവെങ്കിൽ ആ ഷോട്ട് കളിക്കണമോ വേണ്ടയോ എന്ന് അവൻ രണ്ടുതവണ ചിന്തിച്ചേനെ. എന്നാൽ ഫ്രീഹിറ്റ് കിട്ടിയാൽ ഒന്നും ചിന്തിക്കാതെ ബൗണ്ടറിയ്ക്കായി ശ്രമിക്കാം. ”

” ആ ഓവറിൽ 21 റൺസാണ് വഴങ്ങിയത്, ഒരു ഫീൽഡിങ് സൈഡ് എന്ന നിലയിൽ എന്താണ് ചെയ്യേണ്ടത്. അടുത്ത ഓവർ ടീമിലെ മികച്ച ബൗളർക്ക് തന്നെ നൽകണം, ചഹാൽ ആ ഓവർ എറിയുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ സൈനിയെ പോലെ എക്സ്പീരിയൻസ് ഇല്ലാത്ത ബൗളർക്ക് ഓവർ നൽകി. അവരുടെ ബൗളർമാരിൽ ഒട്ടും പരിചയസമ്പത്ത് ഇല്ലാത്ത ബൗളർ സൈനിയാണ്. അവൻ ആ ഓവറിൽ 17 റൺസ് വഴങ്ങി മത്സരം കൈവിടുകയും ചെയ്തു. ” രവി ശാസ്ത്രി പറഞ്ഞു.

രവി ശാസ്ത്രി പതിനഞ്ചാം ഓവർ സൈനിയ്ക്ക് നൽകിയതിനെ ചോദ്യം ചെയ്തപ്പോൾ ദിനേശ് കാർത്തിക്കിനെതിരായ ഫീൽഡ് പ്ലേസ്മെൻ്റിനെയാണ് സുനിൽ ഗവാസ്കർ വിമർശിച്ചത്.

” സഞ്ജു സാംസൺ ഉത്തരം നൽകണം. ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ഓൺ സൈഡിൽ ഡീപിൽ ഫീൽഡർമാർ ഇല്ലാത്തത് ദിനേശ് കാർത്തിക്കിനെ പോലെയൊരു താരത്തിന് എളുപ്പമാണ്. ” കമൻ്ററിയ്ക്കിടെ ഗവാസ്കർ പറഞ്ഞു.