Skip to content

എനിക്കെതിരെ കല്ലെറിഞ്ഞ അതേ കൊൽക്കത്തയാണ് അതെന്ന് വിശ്വസിക്കാൻ സാധിച്ചില്ല, കെ കെ ആറിന് വേണ്ടി കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് അക്തർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ആദ്യ സീസണിൽ മാത്രമാണ് ഐ പി എല്ലിൽ പാകിസ്ഥാൻ താരങ്ങൾ കളിച്ചിട്ടുള്ളത്. ഒരു സമയത്ത് തന്നെ കൊൽക്കത്ത ഒരുപാട് വെറുത്തിട്ടുണ്ടെന്നും എന്നാൽ ഐ പി എല്ലിൽ എത്തിയപ്പോൾ ലഭിച്ച പ്രതികരണം മറ്റൊന്നായിരുന്നുവെന്നും അക്തർ പറഞ്ഞു.

1999 ൽ നടന്ന പാകിസ്ഥാൻ്റെ ഇന്ത്യൻ പര്യടനത്തിലെ കൊൽക്കത്ത ടെസ്റ്റിൽ തുടർച്ചയായ പന്തുകളിലൂടെ അക്തർ പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ സച്ചിനെ അക്തർ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു.

” കൊൽക്കത്തയുമായുള്ള എൻ്റെ ബന്ധം ആദ്യം അൽപ്പം വിചിത്രമായിരുന്നുവെങ്കിലും പിന്നീടതിൽ മാറ്റം വന്നു. ആദ്യം അൽപ്പം വിചിത്രമായിരുന്നു, കാരണം ആദ്യ പന്തിൽ തന്നെ ഞാൻ സച്ചിനെ പുറത്താക്കിയിരുന്നു, പിന്നെ അദ്ദേഹത്തെ ഞാൻ റണ്ണൗട്ടാക്കുകയും ചെയ്തു. അതോടെ കൊൽക്കത്ത എന്നെ ഒരുപാട് വെറുത്തു. ”

” ഐ പി എൽ സമയത്ത് എന്നോടുള്ള കൊൽക്കത്തയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ബംഗാളിലുള്ളവർ എനിക്കായി ആർപ്പുവിളിച്ചു. ഷാരൂഖ് ഖാൻ ആ സമയം ഡാൻസ് ചെയ്തു. എനിക്ക് നേരെ കല്ലുകൾ എറിഞ്ഞതും ഇപ്പോൾ എന്നെ ഇത്രയധികം സ്നേഹിച്ചതും അതേ കൊൽക്കത്തയാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഈഡൻ ഗാർഡൻസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൈതാനങ്ങളിൽ ഒന്നാണ്. ” അക്തർ പറഞ്ഞു.

” വിലക്കിന് ശേഷമുള്ള മടങ്ങിവരവിലാണ് ഷാരൂഖിൻ്റെ ടീമിന് വേണ്ടി കളിക്കാൻ ഞാൻ കൊൽക്കത്തയിൽ എത്തിയത്. ഞാൻ അൺഫിറ്റാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു. പക്ഷേ ഞാൻ വളരെയേറെ ശ്രമിച്ച് മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാവരും എൻ്റെ പ്രയത്നം കണ്ടു. അന്ന് സച്ചിനെ ഔട്ടാക്കുകയും റണ്ണൗട്ടാക്കുകയും ചെയ്തതിൻ്റെ കടം അതോടെ ഞാൻ അവർക്ക് വേണ്ടി വീട്ടി. ” അക്തർ കൂട്ടിച്ചേർത്തു.