Skip to content

റസ്സൽ വെടിക്കെട്ട്, പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 14.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു. ഉമേഷ് യാദവിൻ്റെ തകർപ്പൻ ബൗളിംഗ് മികവിലും ആന്ദ്രെ റസ്സലിൻ്റെ ബൗളിംഗ് മികവിലുമാണ് തകർപ്പൻ വിജയം കെ കെ ആർ കുറിച്ചത്.

( Picture Source : IPL )

138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആറിന് 51 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റസ്സലും സാം ബില്ലിങ്സും അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ചാം വിക്കറ്റിൽ 90 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. തുടർച്ചയായി രണ്ട് സിക്സ് പറത്തിയാണ് റസ്സൽ കെ കെ ആറിനെ വിജയത്തിലെത്തിച്ചത്.

( Picture Source : IPL )

ആന്ദ്രേ റസ്സൽ 31 പന്തിൽ 2 ഫോറും 8 സിക്സുമടക്കം 70 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ സാം ബില്ലിങ്സ് 23 പന്തിലു 24 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കുറഞ്ഞ സ്‌കോറിൽ ചുരുക്കികെട്ടിയത്. ടിം സൗത്തീ രണ്ട് വിക്കറ്റും ശിവം മാവി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

( Picture Source : IPL )

9 പന്തിൽ 31 റൺസ് നേടിയ രാജപക്സയും 16 പന്തിൽ 25 റൺസ് നേടിയ കഗിസോ റബാഡയും മാത്രമാണ് പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങിയത്.

ഏപ്രിൽ മൂന്നിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം. ഏപ്രിൽ ആറിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കെ കെ ആറിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )