Skip to content

11 വർഷങ്ങൾക്ക് ശേഷം ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവ്, അപൂർവ്വനേട്ടം കുറിച്ച് മാത്യൂ വേഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഐ പി എല്ലിലേക്കുള്ള തിരിച്ചുവരവിൽ അപൂർവ്വ നേട്ടം കുറിച്ച് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂ വേഡ്. ബിഗ് ബാഷ് ലീഗിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കഴിഞ്ഞ സീസണിലടക്കം താരം അൺസോൾഡായിരുന്നു. എന്നാൽ കഴിഞ്ഞ ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടമാണ് താരത്തെ ഐ പി എല്ലിൽ തിരിച്ചെത്തിച്ചത്.

( Picture Source : IPL )

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ 17 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 41 റൺസ് നേടിയ വേഡിൻ്റെ മികവിലാണ് ഓസ്ട്രേലിയ പാകിസ്ഥാനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചത്. ഷഹീൻ അഫ്രീദിയെ തുടർച്ചയായി മൂന്ന് സിക്സ് പറത്തിയാണ് വേഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്.

താരലേലത്തിൽ 2.40 കോടിയ്‌ക്കാണ് ഗുജറാത്ത് ടൈറ്റൻസ് മാത്യൂ വേഡിനെ സ്വന്തമാക്കിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വേഡായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിക്കറ്റ് കീപ്പർ. മത്സരത്തോടെ ഐ പി എല്ലിൽ ഏറ്റവും നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കുന്ന താരമെന്ന അപൂർവ്വനേട്ടം വേഡ് സ്വന്തമാക്കി.

ഇതിനുമുൻപ് 2011 സീസണിൽ പൂനെ വാരിയേഴ്സിനെതിരായ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയാണ് വേഡ് കളിച്ചിരുന്നത്.

( Picture Source : IPL )

ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 29 പന്തിൽ 30 റൺസ് നേടിയാണ് വേഡ് പുറത്തായത്. ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 2 പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് ടൈറ്റൻസ് മറികടന്നത്. 24 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ രാഹുൽ തെവാട്ടിയയും 7 പന്തിൽ 15 റൺസ് നേടിയ അഭിനവ് മനോഹറുമാണ് ടൈറ്റൻസിന് വിജയം സമ്മാനിച്ചത്.

( Picture Source : IPL )