Skip to content

തെവാട്ടിയ മാജിക് വീണ്ടും, അവസാന ഓവറിൽ ആവേശവിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. ലീഗിലെ മറ്റൊരു പുതിയ ടീമായ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.

( Picture Source : IPL )

24 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 40 റൺസ് നേടി പുറത്താകാതെ നിന്ന രാഹുൽ തെവാട്ടിയയും 7 പന്തിൽ 15 റൺസ് നേടിയ അഭിനവ് മനോഹറുമാണ് ടൈറ്റൻസിനെ വിജയതിലെത്തിച്ചത്. ഡേവിഡ് മില്ലർ 21 പന്തിൽ 30 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 28 പന്തിൽ 33 റൺസും മാത്യൂ വേഡ് 30 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ഫിഫ്റ്റി നേടിയ ദീപക് ഹൂഡയും ആയുഷ് ബഡോനിയുമാണ് മികച്ച സ്കോറിൽ എത്തിയത്. ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടപെട്ട ലഖ്നൗവിന് 29 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റും നഷ്ടപെട്ടിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്ത ഹൂഡയും ബഡോനിയുമാണ് ലഖ്നൗവിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ദീപക് ഹൂഡ 41 പന്തിൽ 55 റൺസും ആയുഷ് ബഡോനി 41 പന്തിൽ 54 റൺസും നേടി. ക്രുനാൽ പാണ്ഡ്യ 13 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL )

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മൊഹമ്മദ് ഷാമി നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വരുൺ ആരോൺ രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

( Picture Source : IPL )

മാർച്ച് 31 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ലഖ്നൗവിൻ്റെ അടുത്ത മത്സരം. ഏപ്രിൽ രണ്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )