Skip to content

ഇനി പിന്മാറിയാൽ പണി കിട്ടും, പുതിയ പോളിസിയുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സീസൺ ആരംഭിക്കാനുള്ള അവസാന നിമിഷങ്ങളിലുള്ള വിദേശ താരങ്ങളുടെ പിന്മാറ്റം. കോവിഡ് 19 പാൻഡെമിക് ആരംഭിച്ചതുമുതൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാവുകയും ചെയ്തു. ലേലത്തിന് ശേഷമുളള താരങ്ങളുടെ പിന്മാറ്റം സീസണിലെ ടീമിൻ്റെ പ്രകടനത്തെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ പുതിയ പോളിസി തയ്യാറാക്കുകയാണ് ബിസിസിഐ.

ഈ സീസണിന് മുൻപായി തന്നെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ജേസൺ റോയും കെ കെ ആറിൽ നിന്നും മറ്റൊരു ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസും പിൻമാറിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സാധുവായ കാരണമില്ലെങ്കിൽ ഐ പി എല്ലിൽ നിന്നും കളിക്കാർ പിന്മാറുന്നത് തടയുന്ന പുതിയ പോളിസി തയ്യാറാക്കുകയാണ് ബിസിസിഐ. വർഷങ്ങളായി ഗുരുതരമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി പല താരങ്ങളും ഐ പി എല്ലിൽ നിന്നും പിൻമാറിയിരുന്നു.

പുതിയ ഐ പി എല്ലിൽ നിന്നും കളിക്കാർ പിന്മാറുന്നത് പൂർണ്ണമായും നിരോധിക്കില്ല. എന്നാൽ ഒരു കളിക്കാരന് പിന്മാറാൻ അനുമതി നൽകുന്നതിന് മുൻപ് ഗവേണിങ് കൗൺസിൽ കളിക്കാരൻ മുന്നിൽ വെയ്ക്കുന്ന കാരണങ്ങൾ വ്യക്തിഗതമായി പരിശോധിക്കും. തുടർച്ചയായി ഇങ്ങനെ പിന്മാറുന്ന താരങ്ങളെ നിശ്ചിത കാലത്തേക്ക് ലീഗിൽ നിന്നും വിലക്കുകയും ചെയ്യും.

( Picture Source : BCCI / IPL )

കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷമായിക്കും വിലക്ക് അടക്കമുള്ള നടപടികൾ വേണമോ എന്ന് ബിസിസിഐ തീരുമാനിക്കുക. എന്നാൽ ഈ ഘട്ടങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും ബിസിസിഐ കണക്കിലെടുക്കേണ്ടതുണ്ട്.

പരിക്കുകളും അന്താരാഷ്ട്ര പ്രതിബദ്ധതകളും മുൻനിർത്തി പിന്മാറുന്ന താരങ്ങളെ ഈ പോളിസി ബാധിക്കുകയില്ല, എന്നാൽ ഫാമിലിയ്ക്കൊപ്പം സമയം ചിലവിടണമെന്ന കാരണങ്ങൾ മുൻനിർത്തി ചില താരങ്ങൾ പിന്മാറുന്നതിനെയാണ് ബിസിസിഐ ഗുരുതരമായി കാണുന്നത്.