Skip to content

‘ലോകകപ്പിൽ ഞാൻ നന്നായി കളിച്ചു, പക്ഷേ പിന്നീട് എന്നെ പുറത്താക്കി’ ; 2019 ലോകക്കപ്പിന് പിന്നാലെ നടന്ന സംഭവത്തിൽ തുറന്നടിച്ച് രാഹുൽ ; ക്രിസ് ഗെയ്ൽ നൽകിയ ഉപദേശത്തെ കുറിച്ചും വെളിപ്പെടുത്തൽ

2019 ഏകദിന ലോകക്കപ്പ്  ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഒന്നാമരായി ഫിനിഷ് ചെയ്ത് സെമിഫൈനലിൽ ന്യുസിലാൻഡിനോട് പരാജയപ്പെടുകയായിരുന്നു. രോഹിത് അവിസ്മരണീയ പ്രകടനം പുറത്തെടുത്ത ലോകക്കപ്പിൽ കോഹ്ലിയും രാഹുലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

ആ ലോകക്കപ്പിൽ തുടക്കത്തിൽ നാലാമനായി ബാറ്റ് ചെയ്തിരുന്ന രാഹുൽ, ശിഖർ ധവാന്റെ പരിക്കിനെ തുടർന്ന് രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങുകയായിരുന്നു. 9 മത്സരങ്ങളിൽ 2 ഫിഫ്റ്റിയും 1 സെഞ്ചുറിയും ഉൾപ്പെടെ രാഹുൽ 361 റൺസ് നേടിയിരുന്നു. എന്നാൽ ലോകക്കപ്പിന് പിന്നാലെയുള്ള വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. അന്നുണ്ടായ നിരാശയെ കുറിച്ച്  ഇപ്പോൾ  ഒരു അഭിമുഖത്തിലൂടെ രാഹുൽ പങ്കുവെച്ചിരിക്കുകയാണ്. ക്രിസ് ഗെയ്ൽ നൽകിയ ഉപദേശവും രാഹുൽ വെളിപ്പെടുത്തി.

“2019-ൽ, ഞാൻ ഓർക്കുന്നു, ഞങ്ങൾ ലോകകപ്പ് കളിച്ചു, അതിനുശേഷം ഞങ്ങൾ ഒരു പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസിലേക്ക് പോയി.  ലോകകപ്പിൽ ഞാൻ നന്നായി കളിച്ചിരുന്നു, എന്നാൽ പരമ്പരയിൽ നിന്ന് എന്നെ ഒഴിവാക്കി. ഇതിലൂടെ അവർ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. നല്ല നിരാശയിലായിരുന്നു.
അന്നേരം ഞാൻ ഗെയ്‌ലിന് മെസ്സേജ് അയക്കുകയായിരുന്നു.

അവൻ പറഞ്ഞു ‘പൂളിന് അരികിൽ വരൂ’, അടുത്ത ദിവസം അത് അവന്റെ 300-ാമത്തെ ഗെയിമായിരുന്നു, അതിനാൽ അവൻ വളരെ സന്തോഷവാനായിരുന്നു, സുഹൃത്തുക്കൾകൊപ്പം അത് ആഘോഷിക്കുകയായിരുന്നു. അവിടെ എത്തിയപ്പോൾ അവൻ വന്നു, എന്നോടൊപ്പം ഇരുന്നു, എന്നോട് സംസാരിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ കളിക്കാത്തതെന്ന് ചോദിച്ചു…”  ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന ഷോയിൽ രാഹുൽ പറഞ്ഞു.

“അന്നേരം അദ്ദേഹം പറഞ്ഞു ‘ടീമിൽ ഒഴിവാക്കിയതിന് 100 കാരണങ്ങൾ  നിങ്ങൾക്ക് എല്ലായ്പ്പോഴും പറയാനാകും, പക്ഷേ നിങ്ങൾ കളിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ കൈയിലാണ്.  70 സ്‌കോർ പോരാ എങ്കിൽ, 150 നേടൂ. 150 പോരാ എങ്കിൽ 200 നേടൂ.  അങ്ങനെയാണ് കാര്യങ്ങൾ നോക്കേണ്ടത്.  600 റൺസ് ഒരു ഐപിഎൽ സീസണിൽ പോരാ എങ്കിൽ, 800 നേടൂ. അങ്ങനെ നേടുമ്പോൾ  നിങ്ങളെ ഒഴിവാക്കാൻ ആർക്കും അധികാരമില്ല’ ” രാഹുൽ  കൂട്ടിച്ചേർത്തു.