Skip to content

ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി, ഓസ്ട്രേലിയൻ താരത്തിന് പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. എന്നാൽ ഈ വിജയത്തിന് പുറകെ മോശം വാർത്തയാണ് ഡൽഹിയെ തേടി എത്തിയിരിക്കുന്നത്.

നിലവിൽ പാകിസ്ഥാൻ പര്യടനത്തിലുള്ള ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് പരിക്ക് മൂലം പര്യടനത്തിൽ നിന്നും പുറത്തായിരിക്കുകയാണ്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കിൽ നിന്നും മുക്തനാകുവാൻ രണ്ടാഴ്ച്ചയോളം സമയം മിച്ചൽ മാർഷിന് വേണ്ടിവരും.

( Picture Source : Twitter )

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മിച്ചൽ മാർഷിനെ 6.50 കോടിയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കായി ടി20 യിൽ 627 റൺസ് മിച്ചൽ മാർഷ് നേടിയിരുന്നു. ലോകകപ്പ് ഫൈനലിൽ 50 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ മിച്ചൽ മാർഷിൻ്റെ മികവിലാണ് 8 വിക്കറ്റിൻ്റെ വിജയം നേടി തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടിയത്.

( Picture Source : Twitter )

പരിക്ക് മൂലം മിച്ചൽ മാർഷ് ഐ പി എല്ലിൽ നിന്നും പുറത്തായാൽ അത് ഡൽഹിയ്ക്ക് കനത്ത തിരിച്ചടിയാകും. നിലവിൽ സൗത്താഫ്രിക്കൻ പേസർ നോർകിയകയും പരിക്കിൻ്റെ പിടിയിലാണ്. ആദ്യ മത്സരത്തിൽ രണ്ട് വിദേശ താരങ്ങളുമായാണ് ഡൽഹി ക്യാപിറ്റൽസ് കളിക്കാൻ ഇറങ്ങിയത്. പാകിസ്ഥാനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയിൽ കളിക്കുന്നില്ലയെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പോളിസി പ്രകാരം ഏപ്രിൽ അഞ്ചിന് ശേഷം മാത്രമെ ഡേവിഡ് വാർണർക്ക് ഐ പി എല്ലിൽ കളിക്കാൻ സാധിക്കൂ.