Skip to content

അവരാണ് എന്നെ പിന്തുണച്ചത്, തകർപ്പൻ പ്രകടനത്തിൽ രണ്ട് പേരോട് നന്ദി പറഞ്ഞ് കുൽദീപ് യാദവ്

തകർപ്പൻ പ്രകടമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ് പുറത്തെടുത്തത്. കഴിഞ്ഞ സീസണുകളിൽ കെ കെ ആറിനൊപ്പം ഉണ്ടായിരുന്ന കുൽദീപ് യാദവിന് മതിയായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഐ പി എല്ലിലെ ഈ തകർപ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോടും ഡൽഹി കോച്ച് റിക്കി പോണ്ടിങിനോടും നന്ദി പറഞ്ഞിരിക്കുകയാണ് കുൽദീപ്.

( Picture Source : IPL )

ഡൽഹി ക്യാപിറ്റൽസ് 4 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ കുൽദീപ് വീഴ്ത്തിയിരുന്നു. ഐ പി എല്ലിലെ കുൽദീപിൻ്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, അന്മോൽപ്രീത് സിങ്, കീറോൺ പൊള്ളാർഡ് എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ കുൽദീപ് വീഴ്ത്തിയത്.

( Picture Source : IPL )

” എന്നെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. അഞ്ച് മാസത്തോളം പരിക്കിനെ തുടർന്ന് ഞാൻ പുറത്തായി. അതിൽ നിന്നും മുക്തനാകേണ്ടത് എന്നെ സംബന്ധിച്ച് അനിവാര്യമായിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സൗകര്യങ്ങൾക്കും പരിശീലകർക്കും നന്ദി. ഞാൻ നന്നായി സുഖം പ്രാപിച്ചു, കൃത്യ സമയത്ത് തന്നെ തിരിച്ചെത്താനും സാധിച്ചു. പതിയെ ഞാൻ തയ്യാറെടുപ്പുകൾ തുടങ്ങി. മത്സരങ്ങൾ കളിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. രോഹിത് എന്നെ വളരെയേറെ പ്രചോദിപ്പിച്ചു. ”

( Picture Source : IPL )

” എന്ത് മാറ്റങ്ങൾ ഉണ്ടായാലും ഞാൻ അദ്ദേഹുമായി ആശയവിനിമയം നടത്തി. പിന്നെ ഇവിടെ ഡൽഹി ക്യാപിറ്റൽസിൽ ഞാൻ റിക്കിയുമായി സംസാരിച്ചു. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. വളരെക്കാലായി എനിക്ക് താളം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനായി ഞാൻ കുറെ പരിശീലനം നടത്തി. വേഗതയിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും പന്ത് ടേൺ ചെയ്യുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഞാൻ ചെയ്തില്ല. ” കുൽദീപ് യാദവ് പറഞ്ഞു.

( Picture Source : IPL )