Skip to content

‘അത്തരം കളിക്കാർ എന്ത് ചെയ്യാനാ?’ ബുംറയെ കുറിച്ച് ആദ്യമായി കോഹ്ലിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണം വെളിപ്പെടുത്തി പാർഥിവ് പട്ടേൽ

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായ ജസ്പ്രീത് ബുംറയുടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ ഉയർച്ച അസാധാരണമായിരുന്നു. മികച്ച ഐപിഎൽ പ്രകടനത്തിന് പിന്നാലെ, 2016 ജനുവരിയിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ പേസ് കുന്തമുനയാകാൻ പിന്നെ അധിക സമയം എടുത്തില്ല. താമസിയാതെ, ബുംറ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യയുടെ പേസർ ആക്രമണത്തിന്റെ നായകനായി.

2018-ൽ, ബുംറയ്ക്ക് തന്റെ ടെസ്റ്റ് അരങ്ങേറ്റം ലഭിച്ചു, മൂന്ന് വർഷത്തിനുള്ളിൽ, അദ്ദേഹം ഇന്ത്യയുടെ ബൗളിംഗ് പ്രധാനിയായി സ്വയം സ്ഥാപിച്ചു, തന്റെ രണ്ടാം വർഷത്തിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകളും ഹാട്രിക്കും നേടിയ ഇന്ത്യക്കാരനായി.ടെസ്റ്റ് ക്രിക്കറ്റിന് ബുംറയുടെ വളർച്ചയിൽ ഏറെ കയ്യടി അർഹിക്കുന്ന താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. എംഎസ് ധോണിയുടെ കീഴിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ബുംറ, കോഹ്‌ലിക്ക് കീഴിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മുൻ നിര ബൗളർമാരുടെ ലിസ്റ്റിലേക്ക് നടന്നു കയറിയത്. ബുംറയുടെ വലിയ പിന്തുണക്കാരനായിരുന്നു കോഹ്‌ലി.

ഇപ്പോഴിതാ ബുംറയുടെ പേര് ആദ്യമായി കേട്ടപ്പോഴുള്ള പ്രതികരണം വെളിപ്പെടുത്തിയിരിക്കുകയാണ്  പാർഥിവ് പട്ടേൽ.   മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ആർ‌സി‌ബി കളിക്കാരനുമായ പാർഥിവ് പട്ടേൽ തന്റെ മുൻ ക്യാപ്റ്റൻ കോഹ്‌ലിയോട് ബുംറയെ ടീമിൽ എത്തിക്കാനുള്ള  ആശയം മുന്നോട്ടുവച്ചിരുന്നുവെന്ന് വെളിപ്പെടുത്തി, എന്നാൽ വിരാട് നിസരിച്ചതായി പാർഥിവ് പട്ടേൽ വെളിപ്പെടുത്തി.

“2014ൽ, ഞാൻ ആർസിബിയിൽ ആയിരുന്നപ്പോൾ, ബുംറ എന്ന ബൗളർ ഉണ്ടെന്ന് ഞാൻ കോഹ്ലിയോട് പറഞ്ഞു.  അവനെ ഒന്നു നോക്കൂ.  ‘ചോഡ് നാ യാർ’ എന്നാണ് വിരാട് മറുപടി നൽകിയത്.  ‘യേ ബുംറ-വുംരാ ക്യാ കരേംഗെ?’  (അത് വിടൂ. അത്തരം കളിക്കാർ എന്ത് ചെയ്യാനാ?” പാർഥിവ് Cricbuzz-ൽ പറഞ്ഞു.

ഗുജറാത്ത് ആഭ്യന്തര ടീമിൽ ബുംറയുടെ ക്യാപ്റ്റനായിരുന്നു പാർഥിവ് പട്ടേൽ, അദ്ദേഹത്തിന്റെ ഉയർച്ച നേരിട്ട് കണ്ട ചില താരങ്ങളിൽ ഒരാളാണ്.  തന്റെ പ്രാരംഭ വർഷങ്ങളിൽ ബുംറ എങ്ങനെ കഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ കഠിനമായ പരിശ്രമത്തിന് ശേഷം  മുംബൈ ഇന്ത്യൻസിന്റെ സമാനതകളില്ലാത്ത പിന്തുണ ലഭിക്കുന്നതിലൂടെയും മൊത്തത്തിൽ ഒരു വ്യത്യസ്ത താരമായി മാറിയതെന്ന് അദ്ദേഹം വിവരിച്ചു.

“ആദ്യമായി ബുംറ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, 2-3 വർഷം മാത്രമാണ് രഞ്ജി ട്രോഫി കളിച്ചിരുന്നത്. 2013 അവന്റെ ആദ്യ വർഷമായിരുന്നു, 2014-ൽ അദ്ദേഹത്തിന് നല്ല സീസൺ ആയിരുന്നില്ല. 2015-ലും വളരെ മോശമായിരുന്നു,  സീസണിന്റെ മധ്യത്തിൽ അവനെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്നേക്കാമെന്ന ചർച്ചകൾ പോലും നടന്നിരുന്നു. പക്ഷേ, അവൻ പതുക്കെ മെച്ചപ്പെടാൻ തുടങ്ങി, മുംബൈ ഇന്ത്യൻസ് അവനെ ശരിക്കും പിന്തുണച്ചു. സ്വന്തം കഠിനാധ്വാനവും അത്തരം പിന്തുണയുമാണ് അവനിലെ ഏറ്റവും മികച്ചത് പുറത്തെടുത്തത്,” പാർഥിവ് കൂട്ടിച്ചേർത്തു.