ഐ പി എൽ അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായ രാജ് ബാവയെ പുറത്തുതട്ടി ആശ്വസിപ്പിച്ച് ക്യാപ്റ്റൻ മായങ്ക് അഗർവാൾ, വീഡിയോ കാണാം

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ. ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം റൺസ് നേടിയ മത്സരത്തിൽ പഞ്ചാബിന് വേണ്ടി നാലാമനായി ക്രീസിലെത്തിയ ഇന്ത്യൻ അണ്ടർ 19 താരം രാജ് ബാവ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഗോൾഡൻ ഡക്കായി ഡ്രസിങ് റൂമിലേക്ക് തിരികെയെത്തിയ താരത്തോട് മായങ്ക് അഗർവാൾ കാണിച്ച കരുതലാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത്.

മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. ആർ സീ ബി ഉയർത്തിയ 206 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് മറികടന്നു. ഐ പി എൽ ചരിത്രത്തിൽ പഞ്ചാബിൻ്റെ റെക്കോർഡ് റൺ ചേസാണിത്.

മത്സരത്തിലെ പതിനാലാം ഓവറിലെ ആദ്യ പന്തിൽ ഭാനുക രാജപക്സേയെ നഷ്ടപെട്ട ശേഷമാണ് രാജ് ബാവ ക്രീസിൽ എത്തിയത്. എന്നാൽ സിറാജിൻ്റെ തൊട്ടടുത്ത പന്തിൽ താരം പുറത്താവുകയായിരുന്നു. ഔട്ടായ ശേഷം ഡഗൗട്ടിൽ എത്തിയ താരത്തെ പുറത്തുതട്ടി ആശ്വസിപ്പിക്കാൻ ക്യാപ്റ്റനായുള്ള ആദ്യ മത്സരമായിരുന്നിട്ടും അഗർവാൾ മറന്നില്ല.

വീഡിയോ കാണാം :

8 പന്തിൽ പുറത്താകാതെ 25 റൺസ് നേടിയ ഒഡിയൻ സ്മിത്തിൻ്റെ മികവിലാണ് കൂറ്റൻ വിജയലക്ഷ്യം പഞ്ചാബ് ഓരോവർ ബാക്കിനിൽക്കെ മറികടന്നത്. മായങ്ക് അഗർവാൾ 24 പന്തിൽ 32 റൺസും ശിഖാർ ധവാൻ 43 റൺസും ശ്രീലങ്കൻ താരം രാജപക്സെ 22 പന്തിൽ 43 റൺസും ലിയാം ലിവിങ്സ്റ്റൺ 19 റൺസും ഷാരൂഖ് ഖാൻ 24 റൺസും നേടി. ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 88 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, 41 റൺസ് നേടിയ വിരാട് കോഹ്ലി, 14 പന്തിൽ 32 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.