Skip to content

തല ഈസ് ബാക്ക്, കൊൽക്കത്തയ്ക്കെതിരെ തകർപ്പൻ ഫിഫ്റ്റിയുമായി എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി പ്ലേയറായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി എം എസ് ധോണി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയുടെ തകർപ്പൻ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐ പി എൽ കരിയറിലെ തൻ്റെ 24 ആം ഫിഫ്റ്റി നേടിയ ധോണിയുടെ മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് സി എസ് കെ നേടിയത്.

( Picture Source : Twitter )

ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ തുടക്കത്തിൽ തന്നെ കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിന്നറായ ഋതുരാജ് ഗയ്ഗ്വാദിനെ നഷ്ടപെട്ടു. ആദ്യ മത്സരത്തിനിറങ്ങിയ കോൺവെയ്ക്ക് 8 പന്തിൽ 3 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. റോബിൻ ഉത്തപ്പ 21 പന്തിൽ 28 റൺസ് നേടി ഇന്നിങ്സിന് വേഗം കൂട്ടിയെങ്കിലും ഉത്തപ്പയെ ചക്രവർത്തി പുറത്താക്കുകയും പിന്നാലെ റായുഡു റണ്ണൗട്ടാവുകയും ചെന്നൈയ്ക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിനിറങ്ങിയ ശിവം ദുബെ 3 റൺസ് നേടി പുറത്താവുകയും ചെയ്തതോടെ ചെന്നൈ സൂപ്പർ കിങ്സ് സമ്മർദ്ദത്തിലായി.

പിന്നീട് ക്രീസിലെത്തിയ എം എസ് ധോണി ക്യാപ്റ്റൻ ജഡേജയ്ക്കൊപ്പം ചേർന്നുകൊണ്ട് ചെന്നൈ ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 70 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജഡേജ 28 പന്തിൽ 26 റൺസ് നേടിയപ്പോൾ എം എസ് ധോണി 38 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം 50 റൺസ് നേടി പുറത്താകാതെ നിന്നു.

ഐ പി എൽ കരിയറിലെ 24 ആം ഫിഫ്റ്റിയാണ് എം എസ് ധോണി നേടിയത്. ഇതിനുമുൻപ് 2019 ൽ ആർ സീ ബിയ്ക്കെതിരെയാണ് ധോണി ഫിഫ്റ്റി നേടിയിരുന്നത്. അവസാന 16 പന്തുകളിൽ 34 റൺസാണ് ധോണിയുടെ ബാറ്റിൽ നിന്നും പിറന്നത്.

( Picture Source : Twitter )