Skip to content

ആദ്യ ഐ പി എല്ലിനിടെ ജഡേജയ്ക്കും യൂസഫ് പത്താനും ഷെയ്ൻ വോൺ നൽകിയ ശിക്ഷ വെളിപ്പെടുത്തി കമ്രാൻ അക്മൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ ജഡേജയ്ക്കും യൂസഫ് പത്താനും ക്യാപ്റ്റൻ ഷെയ്ൻ വോൺ നൽകിയ രസകരമായ ശിക്ഷയെ പറ്റി വെളിപ്പെടുത്തി മുൻ പാക് താരം കമ്രാൻ അക്മൽ. ഐ പി എൽ പ്രഥമ സീസൺ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൻ്റെ മൂന്ന് പാക് താരങ്ങളിൽ ഒരാളായിരുന്നു കമ്രാൻ അക്മൽ. പ്രമുഖ മാധ്യമം തയ്യാറാക്കിയ ഡോക്യുമെൻ്ററിയിലാണ് ഷെയ്ൻ വോൺ നൽകിയ ശിക്ഷയെ പറ്റി കമ്രാൻ അക്മൽ തുറന്നുപറഞ്ഞത്.

( Picture Source : Twitter )

” യൂസഫ് പത്താനും രവീന്ദ്ര ജഡേജയും പരിശീലനത്തിനെത്താൻ അൽപ്പം വൈകി, എന്നാൽ ആ സമയത്ത് വോൺ അവരെ ഒന്നും പറഞ്ഞില്ല. ഞാനും വൈകിയാണ് എത്തിയത് എന്നാൽ ഞാൻ ടീമിനൊപ്പം ചേർന്നിട്ട് അധികമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് എന്നെ അദ്ദേഹം ഒന്നും ചെയ്തില്ല. ”

” പരിശീലനം പൂർത്തിയാക്കി ഞങ്ങൾ സ്റ്റേഡിയം വിട്ടു. ഞങ്ങൾ മടങ്ങുന്നതിനിടയിൽ വണ്ടി നിർത്തുവാൻ അദ്ദേഹം ആവശ്യപെട്ടു. എന്നിട്ട് ജഡേജയ്ക്കും യൂസഫ് പത്താനും നേരെ തിരിഞ്ഞുകൊണ്ട്, നിങ്ങളിനി നടന്നുവരൂവെന്ന് അദ്ദേഹം ആവശ്യപെട്ടു. ” കമ്രാൻ അക്മൽ പറഞ്ഞു.

( Picture Source : Twitter )

ഈ സംഭവം ടീമിലെ ഫാസ്റ്റ് ബൗളറായിരുന്ന സിദ്ധാർത്ഥ് ത്രിവേദിയും ഓർത്തെടുത്തു. പരിശീലനത്തിന് വൈകി എത്തുന്നവർക്കായി പിങ്ക് എന്നുള്ള പാവയെ വോൺ സൂക്ഷിക്കാറുണ്ടെന്നും ത്രിവേദി ഓർത്തെടുത്തു.

( Picture Source : Twitter )

” ഹോട്ടൽ ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുള്ളപ്പോൾ യൂസഫിനും ജഡേജയ്ക്കും ബസ്സിൽ നിന്നും ഇറങ്ങേണ്ടിവന്നു. വൈകി എത്തുന്നവർ പിങ്കി എന്ന പാവയെ കൊണ്ടുനടക്കണം എന്നതായിരുന്നു മറ്റൊരു ശിക്ഷ. വൈകിയെത്തിയാൽ 24 മണിക്കൂർ ആ പാവയുമായി നടക്കേണ്ടിവരും. ടീം മീറ്റിങിലും സ്പോൺസർമാരെ കാണുമ്പോഴുമെല്ലാം ആ പാവ കൈവശം വേണം. ” ത്രിവേദി ഓർത്തെടുത്തു.

( Picture Source : Twitter )