Skip to content

ആദ്യ മത്സരത്തിലെ ഫിഫ്റ്റി, സച്ചിനെയും ദ്രാവിഡിനെയും പിന്നിലാക്കി എം എസ് ധോണി

തകർപ്പൻ പ്രകടമാണ് ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുളള ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ടീമിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചിരുന്നു. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ ഒരു തകർപ്പൻ റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ് എം എസ് ധോണി. സച്ചിൻ ടെണ്ടുൽക്കറിനെയും രാഹുൽ ദ്രാവിഡിനെയുമാണ് ധോണി ഈ നേട്ടത്തിൽ പിന്നിലാക്കിയത്.

( Picture Source : BCCI / IPL )

ഐ പി എൽ കരിയറിലെ തൻ്റെ 24 ആം ഫിഫ്റ്റിയാണ് എം എസ് ധോണി മത്സരത്തിൽ കുറിച്ചത്. ഇതോടെ ഐ പി എല്ലിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ധോണി സ്വന്തമാക്കി. 2013 ൽ തൻ്റെ നാൽപ്പതാം വയസ്സിൽ ഡൽഹിയ്ക്കെതിരെ ഫിഫ്റ്റി നേടിയ രാഹുൽ ദ്രാവിഡിനെയും അതേ സീസണിൽ 39 ആം വയസ്സിൽ ഡൽഹിയ്ക്കെതിരെ ഫിഫ്റ്റി നേടിയ സച്ചിൻ ടെണ്ടുൽക്കറിനെയുമാണ് ധോണി പിന്നിലാക്കിയത്.

ഐ പി എല്ലിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ബാറ്റ്സ്മാനാണ് ധോണി. 41 ആം വയസ്സിൽ ഫിഫ്റ്റി നേടിയ ആദം ഗിൽക്രിസ്റ്റും ക്രിസ് ഗെയ്ലുമാണ് ധോണിയ്ക്ക് മുൻപിലുള്ളത്.

ഇതിനുമുൻപ് 2019 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ധോണി ഫിഫ്റ്റി നേടിയിരുന്നത്. ആറാമനായി ക്രീസിലെത്തിയ ധോണി ആദ്യ 25 പന്തുകളിൽ 15 റൺസാണ് നേടിയത് എന്നാൽ പിന്നീട് നേരിട്ട 13 പന്തുകളിൽ 260 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 35 റൺസ് ധോണി അടിച്ചുകൂട്ടി.

( Picture Source : BCCI / IPL )