Skip to content

ശരിയായ സമയത്താണ് അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്, ധോണിയുടെ തീരുമാനത്തോട് പ്രതികരിച്ച് എ ബി ഡിവില്ലിയേഴ്സ്

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ എം എസ് ധോണിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ശരിയായ സമയത്താണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നും ഇനി ഈ സീസണിൽ ബാറ്റിങിൽ മാത്രം ധോണിയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും എബി പറഞ്ഞു.

” എം എസ് ധോണിയുടെ ഈ തീരുമാനം എന്നെ അത്ഭുതപെടുത്തിയില്ല. സത്യത്തിൽ ഞാൻ അവൻ്റെ തീരുമാനത്തിൽ സന്തോഷവാനാണ്. ഇത്രയും കാലം ആ ചുമതല അവൻ വഹിച്ചു, ക്യാപ്റ്റനാകുന്നത് എളുപ്പമാണെന്ന് ആളുകൾ കരുതിയേക്കാം. പക്ഷേ അത് നിങ്ങളെ യഥാർത്ഥത്തിൽ ക്ഷീണിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായേക്കാം, പ്രത്യേകിച്ചും നല്ല സീസണുകൾ ഇല്ലാത്തപ്പോൾ. ”

” എന്നാൽ ഇപ്പോൾ കഴിഞ്ഞ സീസണിൽ ഐ പി കിരീടം നേടി ശരിയായ സമയത്ത് തന്നെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. അതിന് മുൻപ് നടന്ന സീസൺ ധോണിയെ വല്ലാതെ വേദനിപ്പിച്ചിരിക്കണം, അതിൽ നിന്നും തിരിച്ചെത്തി ട്രോഫി നേടി ഞാൻ ഇനിയും കളിക്കും, പക്ഷേ മറ്റൊരാൾ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും, പിന്തുണയ്ക്കാൻ ഞാനുണ്ടാകും എന്നുപറയുന്നത് മികച്ച തീരുമാനമാണ്. ” ഡിവില്ലിയേഴ്സ് പറഞ്ഞു.

ആദ്യ മത്സരം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ധോണി ടീമിൻ്റെ നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചത്. ചെന്നൈ സൂപ്പർ കിങ്സിൻ്റെ മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് രവീന്ദ്ര ജഡേജ. ധോണിയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുൾ ടൈം ക്യാപ്റ്റനെ സി എസ് കെ നിയമിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മറ്റൊന്നും ചിന്തിക്കാതെ മികച്ച ബാറ്റിങ് പ്രകടനം ധോണി പുറത്തെടുക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ഡിവില്ലിയേഴ്സ് ധോണി വമ്പൻ സിക്സുകൾ പായിക്കുന്നത് കാണുവാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

” തന്ത്രങ്ങളെ കുറിച്ചും ടീമിലെ കളിക്കാരെ കുറിച്ചും അധികം ചിന്തിക്കാതെ ആ വലിയ സിക്സറുകൾ പറത്തുന്ന ധോണിയെ കാണാൻ ഞാൻ ആവേശത്തിലാണ്. കളിക്കളത്തിലെത്തി സിക്സറുകൾ പായിച്ച് ലോകത്തെ രസിപ്പിക്കാനും ടീമിനെ വിജയത്തിലെത്തിക്കാനും അവന് കഴിയും. ” ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.