Skip to content

നിൻ്റെ പ്രശ്നമെന്താണ്, കളിക്കളത്തിൽ ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി ഹർഭജൻ സിങ്

ക്രിക്കറ്റ് മൈതാനത്ത് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ തന്നെ തെറ്റിദ്ധരിച്ച സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. കഴിഞ്ഞ മാസമാണ് ഒരുപാട് കളിക്കാർക്ക് പ്രചോദനം നൽകിയ ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞത്. മറ്റേതൊരു സ്‌പിന്നറെയും പോലെ ഷെയ്ൻ വോൺ തന്നെയായിരുന്നു ഹർഭജൻ സിങിൻ്റെയും ഹീറോ.

” എൻ്റെ പുസ്തകത്തിൽ ഞാൻ പ്രത്യേകം പരാമർശിച്ച ഒരു കഥ നിങ്ങളോട് പറയട്ടെ, 2001 ൽ ഞാൻ 32 വിക്കറ്റ് നേടിയ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് ഞാൻ അദ്ദേഹത്തെ ശരിക്കും കാണുന്നത്. ചെന്നൈയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സ്റ്റീവ് വോയ്ക്കൊപ്പം ബാറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം, നോൺ സ്ട്രൈക്കർ എൻഡിലായിരുന്നു. ”

” റണ്ണപ്പിനായി നിൽക്കവേ ഞാൻ അദ്ദേഹത്തെ ആദരവോടെ നോക്കികൊണ്ടിരിക്കുകയായിരുന്നു. ഞാൻ അങ്ങനെ നോക്കിനിൽക്കുന്നത് അദ്ദേഹം കാണുകയും എന്നോട് എന്താണ് നിൻ്റെ പ്രശ്നമെന്നും എന്താണ് നോക്കുന്നതെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ മറ്റെന്തോ പറയാനോ ചെയ്യാനോ പോവുകയാണെന്നാണ് അദ്ദേഹം കരുതിയത്. ”

” അതുകൊണ്ട് തന്നെ ഞാൻ വോണിൻ്റെ അരികിലെത്തി പറഞ്ഞു, ‘ നോക്കൂ സുഹൃത്തേ ഞാൻ എൻ്റെ അടുത്തുനിൽക്കുന്ന എൻ്റെ ഹീറോയെ ആരാധനയോടെ നോക്കുകയാണ് ചെയ്തത്. താങ്കൾ കളിക്കുന്നത് നേരിൽ കാണുകയെന്നത് എൻ്റെ സ്വപ്നമായിരുന്നു. ഇപ്പോൾ ഞാൻ താങ്കൾക്കൊപ്പം കളിക്കുന്നു, ഇതെനിക്ക് വലിയ നിമിഷമാണ്. ‘ തെറ്റിദ്ധാരണ മാറിയ അദ്ധേഹം എന്നോട് നന്ദി പറഞ്ഞു. അന്നുമുതൽ ഞങ്ങൾ തമ്മിൽ ആ ബന്ധം ഉണ്ടായിരുന്നു. ആ പരമ്പരയിൽ 32 വിക്കറ്റ് നേടിയ ശേഷം അദ്ദേഹം എന്നെ അഭിനന്ദിച്ചു. അതെന്നെ ശരിക്കും ഞെട്ടിച്ചു, ഞാൻ നന്നായി കളിച്ചുവെന്നും ഇനിയും ഒരുപാട് ദൂരം പോകാനാകുമെന്നും അദ്ദേഹം ആശംസിച്ചു. ” ഹർഭജൻ സിങ് പറഞ്ഞു.