Skip to content

എം എസ് ധോണി മുതൽ വിരാട് കോഹ്ലി വരെ, ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാർ ആരൊക്കെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസൺ ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് ഐ പി എൽ പതിനഞ്ചാം സീസണിനായി കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ് ഐ പി എൽ. രണ്ട് മാസം മാത്രം നീളുന്ന ടൂർണമെൻ്റിന് വമ്പൻ തുകയാണ് താരങ്ങൾക്ക് ഫ്രഞ്ചൈസികൾ നൽകുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം പണമൊഴുകുന്ന ഐ പി എല്ലിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ ആരാണ് കോഹ്ലിയോ ധോണിയോ രോഹിത് ശർമ്മയോ ? നമുക്ക് നോക്കാം …

5. എ ബി ഡിവില്ലിയേഴ്സ് – ഐ പി എൽ ചരിത്രത്തിൽ ഏറ്റവുമധികം പണം സമ്പാദിച്ചവരിൽ അഞ്ചാം സ്ഥാനം മുൻ സൗത്താഫ്രിക്കൻ താരവും മുൻ ആർ സി ബി താരവുമായ എ ബി ഡിവില്ലിയേഴ്സാണ്. ഐ പി എല്ലിൽ നിന്നും 100 കോടിയ്ക്ക് മേലേ രൂപ സാലറിയായി എ ബിയ്ക്ക് ലഭിച്ചിട്ടുണ്ട്.

4. സുരേഷ് റെയ്ന – ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയാണ്. ഇക്കുറി ഐ പി എൽ ലേലത്തിൽ അൺസോൾഡായ സുരേഷ് റെയ്ന തൻ്റെ ഐ പി എൽ കരിയറിൽ 110 കോടി രൂപ സാലറിയായി നേടിയിട്ടുണ്ട്.

3. വിരാട് കോഹ്ലി – മുൻ ആർ സി ബി ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച മൂന്നാമത്തെ താരം. ആദ്യ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഭാഗമായ കോഹ്ലി 150 കോടി രൂപയിലധികം സാലറിയായി നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് സീസണുകളിൽ 17 കോടി വീതമായിരുന്നു കോഹ്ലിയുടെ സാലറി. എന്നാൽ ഇക്കുറി 15 കോടിയാണ് കോഹ്ലിയ്ക്ക് ലഭിക്കുക.

2. രോഹിത് ശർമ്മ – ഐ പി എല്ലിൽ ഏറ്റവും കൂടുതൽ നേടിയ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഐ പി എല്ലിൽ നിന്നും 160 കോടി രൂപയിലധികം സാലറിയായി രോഹിത് ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സീസണിൽ 16 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ നിലനിർത്തിയത്.

1. എം എസ് ധോണി – തല എം എസ് ധോണിയാണ് ഐ പി എൽ ചരിത്രത്തിൽ ഏറ്റുമധികം പണം സമ്പാദിച്ചിട്ടുള്ള താരം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും റൈസിങ് പുണെ സൂപ്പർ ജയൻ്റ്സിന് വേണ്ടിയും കളിച്ചിട്ടുള്ള ധോണി 164 കോടി രൂപയിലധികം ഐ പി എല്ലിൽ നിന്നും നേടിയിട്ടുണ്ട്. കഴിഞ്ഞ നാല് സീസണുകളിൽ 15 കോടിയാണ് ധോണിയ്ക്ക് ലഭിച്ചിരുന്നത്. ഇക്കുറി 12 കോടിയ്ക്കാണ് ധോണിയെ സി എസ് കെ നിലനിർത്തിയത്.