Skip to content

നിർണായക മത്സരത്തിൽ വമ്പൻ വിജയം നേടി ഇന്ത്യ, സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി

ഐസിസി വുമൺസ് ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 119 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷ ഇന്ത്യ നിലനിർത്തി.

( Picture Source : BCCI )

പത്തോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ സ്നേ റാണയാണ് ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്. ജുലൻ ഗോസ്വാമി, പൂജ വസ്ത്രകർ എന്നിവർ രണ്ട് വിക്കറ്റ് വീതവും രാജേശ്വരി ഗയ്ഗ്വാദ്, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടൂർണമെൻ്റിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 80 പന്തിൽ 50 റൺസ് നേടിയ യാസ്ടിക ബാട്ടിയ, 42 പന്തിൽ 42 റൺസ് നേടിയ ഷഫാലി വർമ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. സ്മൃതി മന്ദാനയും പൂജ വസ്ത്രക്കറും 30 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ മിതാലി രാജ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.

( Picture Source : BCCI )

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിനും ഓസ്ട്രേലിയയോട് 6 വിക്കറ്റിനും പരാജയപെട്ട ഇന്ത്യയ്ക്ക് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ വെസ്റ്റിൻഡീസിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു.

( Picture Source : BCCI )

ആറിൽ 6 മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ സെമിഫൈനൽ ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു. അഞ്ചിൽ നാല് മത്സരങ്ങൾ വിജയിച്ച സൗത്താഫ്രിക്കയാണ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്. മാർച്ച് 27 ന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം.

( Picture Source : BCCI )