അവനും ഞാനും അങ്ങനെയാണ്, ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായുണ്ടായ തർക്കത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആറാം സീസണിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ചർച്ചകൾക്ക് വഴിവെച്ച ആ സംഭവത്തെ കുറിച്ച് മുൻ കെ കെ ആർ ക്യാപ്റ്റൻ മനസ്സുതുറന്നത്.

” അതിലെനിക്ക് യാതൊരു കുഴപ്പവുമില്ല. അവൻ അങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം ഞാനും അതുപോലെയാണ്. ആ പോരാട്ടം ഞാൻ ഇഷ്ടപെടുന്നു. മത്സരബുദ്ധിയുള്ള ആളുകളെ എനിക്ക് ഇഷ്ടമാണ്. എം എസ് ധോണി തൻ്റേതായ രീതിയിൽ ഒരു എതിരാളിയാണ് വിരാട് കോഹ്ലിയാകട്ടെ മറ്റൊരു രീതിയിലും. ചില സമയങ്ങളിൽ ടീമിനെ നയിക്കാൻ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പോലും നിങ്ങൾ ചെയ്യേണ്ടിവരും, കാരണം നിങ്ങൾ ആവശ്യപെടുന്ന രീതിയിൽ ടീം കളിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ” ഗംഭീർ പറഞ്ഞു.

” ഒരു ക്യാപ്റ്റനെന്ന നിലയിൽ മറ്റൊരാളുമായുള്ള വ്യക്തിപരമായ ബന്ധത്തെ പറ്റി ചിന്തിക്കാൻ പാടില്ല. അതുകൊണ്ട് ആ വാക്കേറ്റം ഒരിക്കലും വ്യക്തിപരമായിരുന്നില്ല. ഞാൻ വീണ്ടും വീണ്ടും പറയുകയാണ് അവൻ്റെ നേട്ടങ്ങളിൽ യാതൊരു അത്ഭുതവുമില്ല, കരിയറിൻ്റെ തുടക്കത്തിൽ അവൻ്റെ കഴിവുകൾ ഞാൻ കണ്ടതാണ്. ” ഗംഭീർ കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ രണ്ട് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീട നേട്ടത്തിലെത്തിച്ച ഗംഭീർ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഐ പി എല്ലിൽ തിരിച്ചെത്തുകയാണ്. ഇക്കുറി പുതിയ ടീമായ ലഖ്നൗ സൂപ്പർജയൻ്റ്സിൻ്റെ ഉപദേശകനായാണ് ഗംഭീർ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരിച്ചുവരവ് നടത്തുന്നത്. കെ എൽ രാഹുലാണ് ടീമിൻ്റെ ക്യാപ്റ്റൻ.