ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ചരിത്രവിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 38 റൺസിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 48.5 ഓവറിൽ 276 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പത്തോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദും 61 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മെഹിദി ഹസനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
സൗത്താഫ്രിക്കയിൽ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയമാണിത്. ഏകദിന ക്രിക്കറ്റിൽ ഇത് അഞ്ചാം തവണയാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തുന്നത്. ഇതിനുമുൻപ് ദക്ഷിണാഫ്രിക്കയിൽ 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ബംഗ്ലാദേശ് 19 ലും പരാജയപെട്ടിരുന്നു. നേരത്തേ ഈ വർഷം തുടക്കത്തിൽ ന്യൂസിലൻഡിൽ ചരിത്ര ടെസ്റ്റ് വിജയം ബംഗ്ലാദേശ് നേടിയിരുന്നു.
History: Bangladesh beat South Africa for the first time in South Africa in ODI format.
— Johns. (@CricCrazyJohns) March 18, 2022
98 പന്തിൽ 86 റൺസ് നേടിയ റാസി വാൻഡർ ഡസനും 57 പന്തിൽ 8 ഫോറും മൂന്ന് സിക്സുമടക്കം 79 റൺസ് നേടിയ ഡേവിഡ് മില്ലറും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 64 പന്തിൽ 7 ഫോറും മൂന്ന് സിക്സുമടക്കം 77 റൺസ് നേടിയ ഷാക്കിബ് അൽ ഹസൻ, 44 പന്തിൽ 50 റൺസ് നേടിയ യാസിർ അലി, 50 റൺസ് നേടിയ ലിറ്റൻ ദാസ്, 41 റൺസ് നേടിയ തമിം ഇഖ്ബാൽ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് നേടിയത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് 1-0 ന് മുൻപിലെത്തി. മാർച്ച് 20 ന് ജോഹന്നാസ്ബർഗിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
