Skip to content

‘40,000 ആളുകൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങൾ പന്ത് തട്ടി തെറിപ്പിക്കുന്നത് കാണാനല്ല’ ; ഗാംഗുലിയെ സ്ലെഡ്‌ജ്‌ ചെയ്ത് വീഴ്ത്തിയ വോണിന്റെ സംഭവം വെളിപ്പെടുത്തി ഇയാൻ ചാപ്പൽ

ഇതിഹാസ താരം ഷെയ്ൻ വോണിന്റെ വേർപാടിന് പിന്നാലെ  നിരവധി താരങ്ങൾ സ്പിൻ ഐക്കണിന്റെ കരിയറിൽ നിന്ന് അവിസ്മരണീയമായ ചില സംഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷെയ്ൻ വോണും സൗരവ് ഗാംഗുലിയും തമ്മിലുള്ള സ്ലെഡ്ജിങിനെ കുറിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഇയാൻ ചാപ്പൽ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റ് ഓസ്‌ട്രേലിയൻ താരങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള വോണിന്റെ സ്ലെഡ്ജിങ് ശൈലിയും ആ തന്ത്രത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി വീണതിനെ കുറിച്ചുമാണ് ചാപ്പൽ പങ്കുവെച്ചത്.

“സ്ലെഡ്ജിങ്ങിൽ ഒട്ടുമിക്ക ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കളിക്കാരിൽ നിന്നും വ്യത്യസ്തമായി, വോൺ എതിർ ടീമിനെ രൂക്ഷമായി സ്ലെഡ്ജ് ചെയ്യില്ല, പകരം അവർ പോലും അറിയാതെ പ്രകോപിപ്പിച്ച് വീഴ്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.  1999-ൽ അഡ്‌ലെയ്ഡിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമായി ഇത്തരമൊരു സംഭവം ഉണ്ടായി.”

“അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ കളിക്കുകയായിരുന്നു, വോണ് പന്തെറിയുന്ന സമയത്ത് ഗാംഗുലിയായിരുന്നു സ്‌ട്രൈകിൽ  സച്ചിൻ നോൺ സ്ട്രൈക്കറുമായിരുന്നു.  വോണ് മൂന്നോ നാലോ പന്തുകൾ വൈഡ് ഫുട്‌മാർക്കിലേക്ക് എറിഞ്ഞു. ഗാംഗുലി അത് തട്ടി മാറ്റുകയായിരുന്നു.”

“നാല് പന്തുകൾ കഴിഞ്ഞപ്പോൾ വോണ് പറഞ്ഞു, ‘ഹേയ് സുഹൃത്തേ, ഈ 40,000 ആളുകൾ ഇവിടെ വന്നത് നിങ്ങൾ പന്ത് തട്ടി തെറിപ്പിക്കുന്നത് കാണാനല്ല, അവർ സച്ചിൻ കളിക്കുന്നത് കാണാൻ വന്നതാണ്.’  ഏകദേശം ഒരു ഓവറിന് ശേഷം, ഗാംഗുലി ട്രാക്കിലൂടെ സ്റ്റെപ് ചെയ്ത് കളിക്കാൻ ശ്രമിക്കുന്നതിനിടെ, സ്റ്റമ്പിങ്ങിലൂടെ പുറത്തായി. “

ഇന്ത്യ 3–0ന് തോറ്റ ഒരു പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ ഇയാൻ ചാപ്പൽ വിവരിച്ചത്.  അന്ന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ഗാംഗുലിയും സച്ചിനും അർദ്ധസെഞ്ചുറി നേടിയിരുന്നു.  ഒടുവിൽ വോൺ തന്നെയാണ് ഇരുവരെയും പുറത്താക്കിയത്.  ജസ്റ്റിൻ ലാംഗറിന്റെ ഉജ്വലമായ ക്യാച്ചിലാണ് അന്ന് സച്ചിൻ പുറത്തായത്.