Skip to content

മൂന്നോ നാലോ വർഷം കൂടെ കളിച്ചാൽ ആ റെക്കോർഡും അവൻ തകർക്കും, അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി മാറിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. അടുത്ത മൂന്നോ നാലോ വർഷം കൂടെ കളിക്കാൻ സാധിച്ചാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി അശ്വിന് മാറാൻ സാധിക്കുമെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” അനിൽ കുംബ്ലെയും കപിൽ ദേവും ഹർഭജൻ സിങും അടങ്ങുന്ന എലൈറ്റ് ലിസ്റ്റിൽ അശ്വിനും ഇടംനേടി. ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ്. ഇവരുടെ പ്രകടനങ്ങൾ ഒരുപാട് ആളുകൾക്ക് പ്രചോദനമേകിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറെയും ഗവാസ്കറെയും പോലെയുള്ള ബാറ്റ്സ്മാന്മാരെ കുറിച്ച് നമ്മൾ സംസാരിക്കുന്നു. എന്നാൽ ഒരുപാട് ആളുകൾ കപിൽ ദേവിൻ്റെയും ഹർഭജൻ സിങിൻ്റെയും അനിൽ കുംബ്ലെയുടെയും ആക്ഷൻ അനുകരിച്ചിട്ടുണ്ട്, അവർ കാരണം ഒരുപാട് ആളുകൾ ക്രിക്കറ്റിലേക്ക് കടന്നുവന്നിട്ടുണ്ട്. ”

” ഈ ഇതിഹാസങ്ങളുടെ പട്ടികയിൽ അശ്വിന് ഇടംനേടാൻ സാധിച്ചത് അവൻ്റെ കഠിനാധ്വാനത്തിൻ്റെ സാക്ഷ്യമാണ്. ഈ നാഴികക്കല്ല് മറികടക്കാൻ 11 വർഷങ്ങൾ അവന് വേണ്ടിവന്നു. ഒരുപാട് വ്യത്യസ്ത കാര്യങ്ങൾ അവൻ പരീക്ഷിക്കുന്നു. ക്രിക്കറ്റിനെ കുറിച്ച് ആഴത്തിലുള്ള ധാരണ അവനുണ്ട്. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” 2008 ൽ ഞങ്ങൾ രണ്ടുപേരും സി എസ് കെയുടെ ഭാഗമായിരുന്നു. അന്ന് പുതിയ കാര്യങ്ങൾ പഠിക്കുവാൻ അവന് എപ്പോഴും ജിജ്ഞാസയുണ്ടായിരുന്നു. ആ സമയത്ത് മുത്തയ്യ മുരളീധരനൊപ്പം അവൻ സമയം ചിലവഴിക്കാറുണ്ടായിരുന്നു. 436 വിക്കറ്റുകളെന്നത് വലിയ നാഴികക്കല്ലാണ്. മൂന്നോ നാലോ വർഷം കൂടെ കളിക്കാൻ സാധിച്ചാൽ അനിൽ കുംബ്ലെയുടെ റെക്കോർഡിനൊപ്പമെത്താനോ ആ റെക്കോർഡ് തകർക്കാനോ അവന് സാധിക്കും. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെ 132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റാണ് നേടിയിട്ടുള്ളത്. മറുഭാഗത്ത് രണ്ടാം സ്ഥാനത്തുള്ള അശ്വിൻ 85 മത്സരങ്ങളിൽ നിന്ന് 436 വിക്കറ്റാണ് നേടിയിട്ടുള്ളത്.