Skip to content

അത് താരതമ്യത്തിനുള്ള സമയമായിരുന്നില്ല, ഷെയ്ൻ വോണിനെ കുറിച്ചുള്ള പ്രതികരണത്തിൽ വിശദീകരണം നൽകി സുനിൽ ഗവാസ്‌കർ

ഷെയ്ൻ വോണല്ല ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നറെന്ന തൻ്റെ വിവാദപരമായ പരാമർശത്തിൽ വിശദീകരണം നൽകി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. ഷെയ്ൻ വോണിൻ്റെ മരണശേഷം പ്രമുഖ ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഏറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോണല്ലയെന്ന് സുനിൽ ഗാവസ്കർ അഭിപ്രായപെട്ടത്. ഇന്ത്യയ്ക്കെതിരെ വോണിൻ്റെ റെക്കോർഡ് മോശമാണെന്നും ചർച്ചയിൽ ഗവാസ്കർ പറഞ്ഞിരുന്നു. ഇതിനുപുറകെ ആരാധകർ സുനിൽ ഗാവസ്കറെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

” ചർച്ചയിൽ ഷെയ്ൻ വോണാണോ എക്കാലത്തെയും മികച്ച സ്പിന്നറെന്ന് അവതാരകൻ എന്നോട് ചോദിച്ചു. ഞാൻ എൻ്റെ വ്യക്തിപരമായ സത്യസന്ധമായ അഭിപ്രായം പറഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ ആ ചോദ്യം ചോദിക്കാനോ ആ ചോദ്യത്തിന് ഉത്തരം നൽകാനോ പാടില്ലായിരുന്നു. അത് താരതമ്യത്തിനോ വിലയിരുത്തലിനോ പറ്റിയ സമയമല്ലായിരുന്നു. ” സുനിൽ ഗവാസ്കർ പറഞ്ഞു.

” കഴിഞ്ഞ ആഴ്ച്ച ക്രിക്കറ്റ് ലോകത്തിന് പ്രയാസകരമായ സമയമായിരുന്നു. 24 മണിക്കൂറിനുള്ളിൽ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച കളിക്കാരെ നമുക്ക് നഷ്ടപെട്ടു. റോഡ്നി മാർഷും ഷെയ്ൻ വോണും. വോൺ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായിരുന്നു. റോഡ്നി മാർഷ് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളും. ” സുനിൽ ഗവാസ്കർ പറഞ്ഞു.

സമയത്തിന് യോജിക്കാത്ത പരാമർശമാണ് ചർച്ചയിൽ വോണിനെ കുറിച്ച് സുനിൽ ഗവാസ്കർ നടത്തിയത്. ഷെയ്ൻ വോൺ ആണോ ഏറ്റവും മികച്ച സ്പിന്നറെന്ന ചോദ്യത്തിന് സുനിൽ ഗാവസ്കർ നൽകിയ മറുപടി ഇപ്രകാരമായിരുന്നു.

” വോൺ ഏറ്റവും മികച്ച സ്പിന്നറാണെന്ന് പറയാൻ സാധിക്കില്ല. എൻ്റെ അഭിപ്രായത്തിൽ ഇന്ത്യൻ സ്പിന്നർമാരും മുത്തയ്യ മുരളീധരനും വോണിനേക്കാൾ മികച്ചവരാണ്. ഇന്ത്യയ്ക്കെതിരായ വോണിൻ്റെ റെക്കോർഡ് നോക്കൂ, അത് വളരെ സാധാരണമാണ്. ഇന്ത്യയിൽ ഒരിക്കൽ മാത്രമാണ് അഞ്ച് വിക്കറ്റ് നേടുവാൻ വോണിന് സാധിച്ചിട്ടുള്ളത്. അതും സഹീർ ഖാൻ വമ്പൻ ഷോട്ടുകൾ കളിച്ചതുകൊണ്ട് മാത്രം. “

” സ്പിന്നിലെ മികച്ച കളിക്കാരായ ഇന്ത്യൻ താരങ്ങൾക്കേതിരെ കാര്യമായ വിജയം നേടാൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സ്പിന്നറായി കണക്കാക്കാൻ സാധിക്കില്ല. മുത്തയ്യ മുരളീധരൻ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ട് എൻ്റെ അഭിപ്രായത്തിൽ മുരളീധരനാണ് മികച്ച സ്പിന്നർ. ” സുനിൽ ഗാവസ്കർ അന്ന് മറുപടി നൽകി.