ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയും, അവതാരികയുടെ ചോദ്യത്തിന് ഹൃദയം കീഴടക്കുന്ന മറുപടി നൽകി റിക്കി പോണ്ടിങ്, വീഡിയോ
തൻ്റെ സഹതാരവും ഉറ്റ ചങ്ങാതിയുമായ ഷെയ്ൻ വോണിൻ്റെ വേർപാട് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലയെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ വോണിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കവെയാണ് തൻ്റെ ഉറ്റചങ്ങാതിയുടെ അപ്രതീക്ഷിത മരണം മനസ്സിലാക്കാൻ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്ന് പോണ്ടിങ് വ്യക്തമാക്കിയത്. ഇനിയൊരു അവസരം ലഭിച്ചാൽ വോണിനോട് എന്തുപറയുമെന്ന ചോദ്യത്തിന് വൈകാരികമായ മറുപടിയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ നൽകിയത്.

ഓസ്ട്രേലിയൻ ടീമിലെത്തുന്നതിന് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചിരുന്നു. പോണ്ടിങിൻ്റെ പതിനാറാം വയസ്സിൽ അക്കാദമിയിൽ വെച്ചാണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഓസ്ട്രേലിയൻ ടീമിൽ സഹതാരങ്ങളായ ഇരുവരും ഒരുപാട് മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടെസ്റ്റിൽ പോണ്ടിങിൻ്റെ കീഴിലാണ് വോൺ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്.

ഐസിസി റിവ്യൂവിൽ മുൻ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഇസ ഗുഹയുമായുള്ള അഭിമുഖത്തിൽ വോണിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കവെയാണ് ഇനി ഒരു അവസരം ലഭിച്ചാൽ ചങ്ങാതിയോട് എന്തുപറയുമെന്ന് ഇസ പോണ്ടിങിനോട് ചോദിച്ചത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ്റെ മറുപടി ഇപ്രകാരമായിരുന്നു …
” ഞാൻ അവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഞാൻ പറയും, അവനോടിത് ഞാൻ ഒരിക്കലും അത് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിരുന്നുവെങ്കിലെന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു. ” കണ്ണീരോടെ പോണ്ടിങ് പറഞ്ഞു.
വീഡിയോ ;
A brave interview from Ricky Ponting as he remembers Shane Warne – watch the full tribute here ➡️ https://t.co/OcEz4CWiCX pic.twitter.com/iLKJPrp8ua
— ICC (@ICC) March 7, 2022
” തൻ്റെ കമൻ്ററിയിലൂടെ വോൺ ഒരു അധ്യാപകനായിരുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ വോൺ കൂടെർ പ്രവർത്തിച്ച എല്ലാ സ്പിന്നർമാരുടെയും നൂറുകണക്കിന് ചിത്രങ്ങൾ ഞാൻ കണ്ടു. ചെറുപ്പകാലത്ത് വോൺ സ്റ്റീവ് സ്മിത്തിനെ സഹായിച്ചു, റാഷിദ് ഖാന് നിർദ്ദേശങ്ങൾ നൽകി, അവർ നടത്തിയിരുന്ന സംഭാഷണങ്ങൾ ഒന്നു സങ്കൽപിച്ചുനോക്കൂ. ”

” അവൻ എങ്ങനെയായിരുന്നുവെന്ന് ലോകത്തെ അറിയിക്കാനും അവനിൽ നിന്നും ഞാൻ പഠിച്ച ചില കാര്യങ്ങൾ യുവതാരങ്ങൾക്ക് കൈമാറാനുമുള്ള ചുമതല ഇനി എൻ്റെയാണെന്ന് എനിക്ക് തോന്നുന്നു. ” പോണ്ടിങ് പറഞ്ഞു.
