Skip to content

അദ്ദേഹത്തെ മറികടക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല, കപിൽ ദേവിനെ പിന്നിലാക്കിയതിനെ കുറിച്ച് രവിചന്ദ്രൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ഇതിഹാസ ഓൾ റൗണ്ടർ കപിൽ ദേവിനെ മറികടക്കാൻ സാധിക്കുമെന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലയെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ അശ്വിൻ പിന്നിലാക്കിയത്.

( Picture Source : BCCI )

131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റ് നേടിയ കപിൽ ദേവിനെ തൻ്റെ 85 ആം മത്സരത്തിലാണ് അശ്വിൻ പിന്നിലാക്കിയത്. മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റ് നേടിയ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 436 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന വമ്പൻ നേട്ടവും അശ്വിൻ സ്വന്തമാക്കി. 619 അനിൽ കുംബ്ലെയാണ് ഇനി അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

” 28 വർഷങ്ങൾക്ക് മുൻപ് വിക്കറ്റ് വേട്ടയിൽ ലോക റെക്കോർഡ് നേടാനായി ഞാൻ മഹാനായ കപിൽ ദേവിന് വേണ്ടി ആർപ്പുവിളിക്കുകയായിരുന്നു. ഞാൻ ഒരു ഓഫ് സ്‌പിന്നർ ആകുമെന്നോ രാജ്യത്തിന് വേണ്ടി കളിക്കുമെന്നോ മഹാനായ അദ്ദേഹത്തിൻ്റെ വിക്കറ്റ് നേട്ടം മറികടക്കാൻ സാധിക്കുമെന്നോ ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. ഈ ഗെയിം എനിക്ക് ഇതുവരെ നൽകിയ നേട്ടങ്ങളിൽ ഞാൻ സന്തുഷ്ടനും നന്ദിയുള്ളവനുമാണ്. ” അശ്വിൻ ഇസ്റ്റഗ്രാമിൽ കുറിച്ചു.

( Picture Source : BCCI )

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന നാലാമത്തെ സ്പിന്നറെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി. മുൻ ശ്രീലങ്കൻ സ്പിന്നർ രംഗണ ഹെരാത്തിനെ പിന്നിലാക്കിയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിന്നർമാരുടെ പട്ടികയിൽ അശ്വിൻ നാലാം സ്ഥാനത്തെത്തിയത്. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് ഇനി അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റുകൾ കൂടെ നേടാൻ സാധിച്ചാൽ 93 മത്സരങ്ങളിൽ നിന്നും 439 വിക്കറ്റ് നേടിയ മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന എട്ടാമത്തെ ബൗളറെന്ന റെക്കോർഡ് അശ്വിന് സ്വന്തമാക്കാം.

( Picture Source : BCCI )