Skip to content

ഇന്ത്യക്കാർ പ്രത്യേക സ്ഥാനം താങ്കൾക്ക് നൽകിയിരുന്നു, ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ വേർപാടിൽ അനുശോചിച്ച് സച്ചിൻ ടെണ്ടുൽക്കർ. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സച്ചിൻ അനുശോചനം അറിയിച്ചത്. ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് സച്ചിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ.

ഹൃദയാഘാതത്തെത്തുടർന്ന് തായ്‌ലൻഡിലെ വസതിയിലാണ് ഷെയ്ൻ വോൺ അന്തരിച്ചത്. ഷെയ്ൻ വോണിൻ്റെ മാനേജ്മെന്റാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. തൊണ്ണൂറുകളിൽ ക്രിക്കറ്റ് അറിയപെട്ടിരുന്നത് സച്ചിൻ്റെയും വോണിൻ്റെയും പേരിലായിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടം ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നിട്ടുള്ളത്.

” ഞാൻ ഞെട്ടലിലാണ്, സ്തബ്ധനാണ്, വോണിയെ ഞാൻ മിസ്സ് ചെയ്യും, മൈതാനത്തിന് അകത്തോ പുറത്തോ താങ്കളോടൊപ്പം വിരസമായ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. ഓൺ ഫീൽഡിലെ പോരാട്ടങ്ങളും ഓഫ് ഫീൽഡിലെ നേരമ്പോക്കുകളും എല്ലായ്പോഴും വിലമതിക്കും. എല്ലായ്പോഴും ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം താങ്കൾ നൽകിയിരുന്നു. അതുപോലെ ഞങ്ങൾ ഇന്ത്യയ്ക്കാർ പ്രത്യേക സ്ഥാനം താങ്കൾക്കും നൽകിയിരുന്നു. ” ട്വിറ്ററിൽ സച്ചിൻ കുറിച്ചു.

വിസ്ഡൻ തിരഞ്ഞെടുത്ത കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. 1992 ൽ സിഡ്നിയിൽ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച വോൺ 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 708 വിക്കറ്റും 194 ഏകദിന മത്സരങ്ങളിൽ നിന്നും 293 വിക്കറ്റും നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ഷെയ്ൻ വോൺ. വിക്കറ്റ് വേട്ടയിൽ മുത്തയ്യ മുരളീധരന് പിന്നിലാണെങ്കിൽ ഏറ്റവും മികച്ച സ്പിന്നറായി പലരും ആദ്യം പറയുന്ന പേര് ഷെയ്ൻ വോണെന്നായിരുന്നു.

ഐ പി എൽ ആദ്യ സീസണിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഷെയ്ൻ വോൺ. 2005 ആഷസ് പരമ്പരയിൽ 40 വിക്കറ്റ് നേടി പ്ലേയർ ഓഫ് ദി സിരീസ് വോൺ നേടിയിരുന്നു. ഓസ്ട്രേലിയ ജേതാക്കളായ 1999 ഫൈനലിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷെയ്ൻ വോണായിരുന്നു പ്ലേയർ ഓഫ് ദി മാച്ച്.